സ്കൂൾ കായികമേള: 100, 200 മീറ്റർ ഓട്ടത്തിൽ പ്രായ തട്ടിപ്പെന്ന് പരാതി
text_fieldsസംസ്ഥാന സ്കൂൾ കായികമേള
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ പ്രായത്തട്ടിപ്പ് നടത്തിയതായി പരാതി. സീനിയർ പെൺകുട്ടികളുടെ 100, 200 മീറ്റർ ഓട്ടത്തിൽ ഇതര സംസ്ഥാനക്കാരിയായ അത്ലറ്റിനെ പ്രായം തിരുത്തി മത്സരിപ്പിച്ചെന്നാണു പരാതി.
കോഴിക്കോട് പുല്ലൂരാംപാറ എച്ച്.എസ്.എസിനായി മത്സരിച്ച ഉത്തർപ്രദേശുകാരിക്കെതിരെയും കായികാധ്യാപകനെതിരെയുമാണ് പരാതി. 100, 200 മീറ്ററിൽ താരം മെഡൽ നേടിയിരുന്നു. മത്സരങ്ങളിൽ തൊട്ടുപിന്നിലെത്തിയ പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസിലെയും പാലക്കാട് ബി.ഇ.എം.എച്ച്.എസിലെയും കുട്ടികളാണ് കായികമേളയുടെ ഓർഗനൈസിങ് കമ്മിറ്റിക്ക് പരാതി നൽകിയിരിക്കുന്നത്.
സീനിയർ വിഭാഗത്തിൽ 19 വയസിനു താഴെ പ്രായമുള്ളവർക്കാണ് മത്സരിക്കാൻ അനുമതിയുള്ളത്. എന്നാൽ ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷന്റെ ഡാറ്റ ബേസിൽ 2004 മേയ് നാലിന് ജനിച്ച പെൺകുട്ടിക്ക് 21 വയസും അഞ്ചു മാസവും 21 ദിവസവും പ്രായമുണ്ട്. ഇതുസംബന്ധിച്ച രേഖകളും സംഘാടകർക്ക് വിദ്യാർഥികൾ കൈമാറായിട്ടുണ്ട്. ആധാറിൽ കൃത്രിമം നടത്തി സീനിയർ വിഭാഗത്തിൽ മത്സരിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.
അതേസമയം അണ്ടർ 19 വിഭാഗത്തിൽ മത്സരിക്കാൻ യോഗ്യതയുണ്ടെന്നും ഇതുസംബന്ധിച്ച രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നുമാണ് സ്കൂൾ അധികൃതരുടെ വാദം. നേരത്തെ കോഴിക്കോട് നടന്ന ജില്ല സ്കൂൾ കായികമേളയിലും സമാന ആരോപണം പുല്ലൂരാംപാറ സ്കൂളിനെതിരെ ഉയർന്നിരുന്നു. സബ് ജൂനിയർ ബോയ്സ് സ്പ്രിന്റ് ഇനങ്ങളിൽ സ്വർണം നേടിയ താരത്തിന്റെ പ്രായത്തിലും കായികാധ്യാപകർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

