യൂറോപിൽ അവസരമില്ല; റഷ്യൻ അത്‍ലറ്റുകൾക്ക് ഏഷ്യയിൽ മത്സരിക്കാം- അനുമതി നൽകി ഒളിമ്പിക് കമ്മിറ്റി
text_fieldsയുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ ലോകവേദികളിൽ നിന്ന് മാറ്റിനിർത്തപ്പെട്ട റഷ്യൻ അത്‍ലറ്റുകൾക്ക് വീണ്ടും അവസരമൊരുങ്ങുന്നു. യൂറോപ്യൻ രാജ്യങ്ങളാണെങ്കിലും അവിടെ വിലക്ക് തുടരുന്നതിനാൽ മറ്റേതെങ്കിലും വൻകരയിൽ മത്സരിപ്പിച്ച് ഒളിമ്പിക്സ് യോഗ്യത ഉൾപ്പെടെ നേടാൻ സഹായിക്കുകയാണ് തീരുമാനം. റഷ്യൻ താരങ്ങൾക്ക് അവസരം നൽകാൻ ഏഷ്യൻ ഒളിമ്പിക് കമ്മിറ്റി സമ്മതിച്ചതായി രാജ്യാന്തര സമിതി വ്യക്തമാക്കി. റഷ്യക്കു പുറമെ സമാന വിലക്കുള്ള ബെലറൂസ് താരങ്ങൾക്കും ഇതോടെ വീണ്ടും ട്രാക്കിലെത്താനാകും.
റഷ്യ, ബെലറൂസ് രാജ്യക്കാരായ താരങ്ങൾക്ക് യൂറോപിലെ ഒരു വേദിയിലും മത്സരിക്കാനാകില്ല. യുക്രെയ്നിൽ ഇപ്പോഴും റഷ്യൻ അധിനിവേശം തുടരുന്നതിനാൽ അനുമതി നൽകാനുള്ള നടപടികൾ ഇനിയും വൈകും. അതു പരിഗണിച്ചാണ് താരങ്ങൾക്ക് മറ്റിടങ്ങളിൽ അവസരമൊരുക്കാൻ ശ്രമം. കഴിഞ്ഞ വർഷം അധിനിവേശം ആരംഭിച്ച ശേഷം നടന്ന പ്രധാന വേദികളിലൊന്നും റഷ്യൻ താരങ്ങൾ പങ്കെടുത്തിട്ടില്ല.
രാജ്യത്തിന്റെ പതാകക്കു കീഴിലല്ലാതെ ഈ താരങ്ങൾക്കു വേണേൽ മത്സരിക്കാമെന്ന് യു.എസ് ഒളിമ്പിക് കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. പാസ്പോർട്ടിന്റെ പേരിൽ ഒരു അത്‍ലറ്റിന് അവസരം നഷ്ടമാകുന്നത് തുടരാനാകില്ലെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും പറയുന്നു.
അതേ സമയം, ഇളവുകൾ വന്നാൽ പോലും യുക്രെയ്ൻ അധിനിവേശത്തിന് പരസ്യ പിന്തുണ നൽകിയവരാകരുതെന്ന നിബന്ധനയുണ്ടാകും.
പാരിസ് ഒളിമ്പിക്സ് യോഗ്യത പോരാട്ടങ്ങൾ ലോകമെങ്ങും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ വർഷം കൂടുതൽ തകൃതിയാകുകയും ചെയ്യും. 32 പ്രധാന വിഭാഗങ്ങളിലായി 10,500 താരങ്ങൾക്കാണ് മത്സരിക്കാൻ അവസരം.