മഴയിൽ കുളിച്ച് സ്കൂൾ മേള; അത്‍ലറ്റുകൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല
text_fieldsസംസ്ഥാന സ്കൂൾ കായിക മേള വേദിയിൽ പെയ്ത മഴയിൽ കെട്ടി നിൽക്കുന്ന വെള്ളം നീക്കം ചെയ്യുന്നു.
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ മൂന്നാം ദിനത്തിൽ തിമിർത്തുപെയ്ത മഴ മത്സരങ്ങളുടെ പൊലിമ കുറച്ചു. കനത്ത മഴക്കിടയിൽ പലപ്പോഴും മത്സരങ്ങൾ നിർത്തിവെക്കേണ്ടി വന്നു. പലതിലും അത്‍ലറ്റുകൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
അതിരാവിലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്ത മത്സരം പൂർണമായും കോരിച്ചൊരിയുന്ന മഴയത്തായിരുന്നു. പിന്നീട് നടന്ന ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്ത മത്സരവേളയിൽ തീവ്രത കുറഞ്ഞെങ്കിലും മഴ വിട്ടുനിന്നില്ല.
തുടർന്ന് നടന്ന ഹഡിൽസിന്റെ ഹീറ്റ്സ് മത്സരങ്ങളെയും മഴ സാരമായി തന്നെ ബാധിച്ചു. മഴവെള്ളം പൂർണമായും നീങ്ങിപ്പോകാത്ത ട്രാക്കിലൂടെ ഓടാനും ചാടാനും മത്സരാർഥികൾ നന്നേ പാടുപെട്ടു. ജൂനിയർ ആൺകുട്ടികളുടെ പോൾവാൾട്ട് മഴ കാരണം ഇടക്ക് നിർത്തിവെക്കേണ്ടിവന്നു. ഇത് മത്സരങ്ങളുടെ സമയക്രമത്തെയും ബാധിച്ചു. പ്രതികൂല കാലാവസ്ഥയിൽ മത്സരിക്കേണ്ടിവന്നത് പ്രകടനത്തെ കാര്യമായി ബാധിച്ചെന്ന് മത്സരാർഥികളും പറഞ്ഞു. മഴ പെയ്തതോടെ ശരീര താപനിലയിലുണ്ടായ വ്യതിയാനവും ഗ്രൗണ്ടിലെ നനവും മത്സരാർഥികൾക്ക് വില്ലനായി. ഡിസ്കസ് ത്രോയിൽ പങ്കെടുത്ത താരങ്ങളും മഴയിൽ ബുദ്ധിമുട്ടി. പന്തലിട്ട് ഗെയിംസ് മത്സരങ്ങൾ നടത്തുന്ന സെൻട്രൽ സ്റ്റേഡിയത്തിന്‍റെ മറ്റ് ഭാഗങ്ങൾ ചളിക്കളമായി മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

