മറെയെ അട്ടിമറിച്ച് ചെക് കൗമാരക്കാരൻ
text_fieldsആൻഡി മറെ മത്സരത്തിനിടെ
ദോഹ: ഖത്തർ ഓപണിലൂടെ തിരികെയെത്താനുള്ള ആൻഡി മറെയുടെ സ്വപ്നങ്ങൾ രണ്ടാം റൗണ്ടിൽ അവസാനിച്ചു. ബുധനാഴ്ച രാത്രി നടന്ന മത്സരത്തിൽ ചെക്ക് കൗമാരക്കാരൻ ജാകുബ് മെൻസിചിന് മുന്നിൽ മൂന്ന് സെറ്റ് നീണ്ട ത്രില്ലർ പോരിൽ വീണാണ് മുൻ ലോക ഒന്നാം നമ്പർ ആൻഡി മറെയുടെ മടക്കം. ആദ്യ റൗണ്ടിൽ അലക്സാണ്ടർ മുള്ളറെ രണ്ട് സെറ്റ് മത്സരത്തിൽ വീഴ്ത്തിയ മറെക്ക് 18കാരൻ മെൻസിചിന് മുന്നിൽ പിടിച്ചു നിൽകാനായില്ല. മൂന്ന് സെറ്റിലേക്ക് നീണ്ട മത്സരത്തിൽ ടൈ ബ്രേക്കറിലായിരുന്നു കളി കൈവിട്ടത്. സ്കോർ 7-6, 6-7, 7-6. നിർണായകമായ അവസാന സെറ്റിൽ ലീഡ് പിടിച്ച ശേഷമാണ് മറെ പിന്നിലായത്. ഇതോടെ, മെൻസിച് കരിയറിലെ ആദ്യ എ.ടി.പി ചാമ്പ്യൻഷിപ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പരിക്കും ഫോമില്ലായ്മയുമായി വലയുന്ന മറെ നീണ്ട ഇടവേളക്കു ശേഷം മികച്ച ജയവുമായി കിരീടപാതയിൽ തിരിച്ചെത്താമെന്ന് മോഹിച്ചാണ് ഖത്തറിൽ ഇറങ്ങിയത്. 2023 ഫൈനലിൽ പ്രവേശിച്ചെങ്കിലും ഡാനിൽ മെദ്വദേവിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ആൻഡി റുബ്ലേവ്, അലക്സാണ്ടർ ബബ്ലിക്, യൂയോ ഹംബർട്, ഗെയ്ൽ മോൻഫിൽസ് എന്നിവർ ഖത്തർ ഓപണിൽ ക്വാർട്ടറിൽ കടന്നു.

