പ്രൈം വോളിബാൾ ലീഗ്: കൊച്ചിയെ വീഴ്ത്തി ചെന്നൈ
text_fieldsചെന്നൈ ബ്ലിറ്റ്സ് താരങ്ങളുടെ ആഘോഷം
ചെന്നൈ: പ്രൈം വോളിബാള്‍ ലീഗില്‍ ചെന്നൈ ബ്ലിറ്റ്സിന് തുടർച്ചയായ രണ്ടാംജയം. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ നേരിട്ടുള്ള സെറ്റുകൾക്ക് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ തോൽപിച്ചു.
സ്കോർ: 15-10, 15-12, 16-14. ചെന്നൈയുടെ അഖിൻ ജി.എസ് ആണ് കളിയിലെ താരം. അമൻ കുമാറിലൂടെ ഗംഭീരമായി കൊച്ചി തുടങ്ങിയെങ്കിലും ലിയാൻഡ്രോ ജോസിന്റെ തകർപ്പൻ പ്രകടനത്തിലൂടെ ചെന്നൈ തടയിട്ടു. കളി പുരോഗമിക്കുന്തോറും പ്രതിരോധത്തിലെ കെട്ടുറപ്പില്ലായ്മ കൊച്ചിക്ക് വിനയായി.
അഖിന്റെ ബ്ലോക്കുകൾ ചെന്നൈക്ക് കരുത്ത് പകർന്നു. ആവേശകരമായ അവസാന സെറ്റിൽ ലിയാൻഡ്രോയുടെയും ദിലീപ് കുമാറിന്റെയും മികവാണ് ആതിഥേയർക്ക് ജയമൊരുക്കിയത്. ഇന്ന് വൈകീട്ട് 6.30ന് ബംഗളൂരു ടോർപിഡോസ് മുംബൈ മെറ്റിയോഴ്സുമായി ഏറ്റുമുട്ടും.

