പ്രൈം വോളി: അഞ്ച് സെറ്റ് ത്രില്ലർ; കൊച്ചി ബ്ലു സ്പൈക്കേഴ്സിനെ തോൽപ്പിച്ച് ചെന്നൈ ബ്ലിറ്റ്സ്
text_fieldsപ്രൈം വോളി ലീഗിൽ പോയന്റ് നേടിയ ചെന്നൈ ബ്ലിറ്റ്സിന്റെ ആഹ്ലാദം
ഹൈദരാബാദ്: പ്രൈം വോളിബോൾ ലീഗ് നാലാം സീസണിൽ ചെന്നൈ ബ്ലിറ്റ്സിന് ആവേശകരമായ ജയം. ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷം മൂന്നെണ്ണം നേടി കൊച്ചി ബ്ലു സ്പൈക്കേഴ്സിനെ തോൽപ്പിച്ചു. സ്കോർ: 13-15, 14-16, 15-11, 15-11, 15-12.
ജെറോം വിനീത് ആണ് കളിയിലെ താരം. ജെറോം വിനീതിന്റെ മിന്നുന്ന സ്‌പൈക്കുകൾ ആദ്യ സെറ്റിൽ തന്നെ ചെന്നൈക്ക് മുൻതൂക്കം നൽകുകയായിരുന്നു. മറുവശത്തു എറിൻ വർഗീസ് കൊച്ചിയെ തിരികെ കൊണ്ടുവന്നു. ഒപ്പത്തിനൊപ്പം ഇരു ടീമുകളും മുന്നേറി. ക്യാപ്റ്റൻ വിനീത് കുമാർ കൊച്ചിക്ക് പ്രതീക്ഷ നൽകിയെങ്കിലും, ചെന്നൈ ജെറോമിലൂടെ തിരിച്ചടിച്ചു. സൂപ്പർ പോയിന്റിലൂടെ വിനിത് കുമാർ കൊച്ചിക്ക് ലീഡ് നൽകി. പിന്നാലെ ഒന്നാന്തരം ബ്ലോക്കിൽ ആദ്യ സെറ്റിനു അരികെയെത്തി. ഒടുവിൽ ബൈറൻ കെട്ടുറക്കിസ് കൊച്ചിക്ക് സെറ്റ് പോയിന്റും നൽകി.
ചെന്നൈയുടെ രണ്ടാം സെറ്റിലെ തുടക്കവും ജെറോമിന്റെ പോയിന്റിലൂടെയായിരുന്നു. വിനീതിന്റെ ക്രോസ് കോർട്ടിലൂടെ കൊച്ചി മറുപടി നൽകി. പിന്നാലെ എറിനും തൊടുത്തു. മനോഹരമായ ഒരു റാലിക്ക് പിന്നാലെ എറിന്റെ മറ്റൊരു സ്‌പൈക്കും ലക്ഷ്യം കണ്ടു. ജെറോമിന്റെ സെർവ് വലയിൽ തട്ടിയതോടെ ചെന്നൈ സമ്മർദ്ദത്തിലായി. എന്നാൽ, ലൂയിസ് ഫിലിപ്പെ പെറോറ്റോയുടെ സ്മാഷിൽ ചെന്നൈ തിരിച്ചു വന്നു. അശ്വിൻ രാജിന്റെ കിടിലൻ സ്മാഷും ചെന്നൈക്ക് ലീഡ് നൽകി. ബൈരന്റെ സൂപ്പർ സെർവുകൾ കൊച്ചിക്ക് തുണയായി. ജെസ്ജോത് സിങ് ലീഡും നൽകി. മറുവശത്തു സൂപ്പർ പോയിന്റലൂടെ ജെറോം വിനീത് ചെന്നൈക്ക് തിരിച്ചുവരാൻ അവസരമൊരുക്കി. എന്നാൽ നിർണായക സമയത്തുള്ള വിനീതിന്റെ ബ്ലോക്ക് സെറ്റ് കൊച്ചിക്ക് അനുകൂലമാക്കി. ജെറോമിന്റെ ക്രോസ്സ് കോർട്ട് സ്മാഷ് പുറത്തേക്ക് പോയതോടെ രണ്ടാം സെറ്റും കൊച്ചി നേടി. മൂന്നാം സെറ്റിൽ തുടക്കം മുതൽ ഒപ്പത്തിനൊപ്പമായി കളി. നിക്കോളാസ് മറച്ചൽ മികച്ചൊരു സെർവിലൂടെ കൊച്ചിയെ മുന്നിലെത്തിച്ചു. എന്നാൽ ജെറോമിന്റെ ഉശിരൻ നീക്കങ്ങൾ ചെന്നൈയെ കളിയിലേക്ക് തിരികെ എത്തിച്ചു. പെറോറ്റോ തുടർച്ചയായ രണ്ട് പോയിന്റുകൾ നേടി.
ദിലീപ് കുമാറിന്റെ ഒന്നാന്തരം സെർവും കൂടിയായപ്പോൾ മൂന്നാം സെറ്റ് ചെന്നൈയുടെ ഭാഗത്തേക്ക് നീങ്ങി.സൂപ്പർ പോയിന്റ് അവസരം കൊച്ചി മുതലാക്കിയതോടെ കളി ആവേശകരമായി. ഒടുവിൽ സെറ്റ് ചെന്നൈ സ്വന്തമാക്കി. നാലാം സെറ്റിൽ പെറോട്ടോയുടെ സ്മാഷ് ബ്ലോക്ക് ചെയ്ത് അമരീന്ദർ പാൽ കൊച്ചിക്ക് തുടക്കത്തിലേ മേധാവിത്തം നൽകി. ജെറോമായിരുന്നു ചെന്നൈയുടെ ആശ്രയം. തുടർച്ചയായി രണ്ട് പോയിന്റുകൾ നേടി അവർ ഒപ്പമെത്തി. ജെറോമിന്റെ സ്മാഷുകൾ രണ്ട് പോയിന്റ് ലീഡുമൊരുക്കി. കൊച്ചിയുടെ സൂപ്പർ പോയിന്റ് അവസരം പാഴായതോടെ നാലാം സെറ്റും ചെന്നൈ പിടിച്ചു. അവസാന സെറ്റിൽ തരുൺ ഗൗഡയുടെ സൂപ്പർ സെർവിൽ ചെന്നൈ മികച്ച തുടക്കം കുറിച്ചു. ലീഡ് കൈ വിട്ടതേയില്ല. സുരാജ്, ജെറോം, പെറോറ്റോ എന്നിവർ ചേർന്ന് ആവേശകരമായ ജയമൊരുക്കി.
സൂപ്പർ പോയിന്റ് നേടി കൊച്ചി തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഒടുവിൽ ജെറോമിന്റെ തകർപ്പൻ സ്‌പൈക്കിൽ ചെന്നൈ ജയം കുറിച്ചു. ആദ്യ ദിനങ്ങളിൽ ഹൈദരാബാദ് ബ്ലാക്ക് കാലിക്കറ്റ് ഹീറോസിനെ 3-0ത്തിന് തോൽപിച്ചിരുന്നു. ബംഗളൂരു ടോർപെഡോസ് 3-2ന് ഗോവ ഗാർഡിയൻസിനെയും തോൽപിച്ചു. ശനിയാഴ്ച ഡൽഹി തൂഫാൻസ് അഹമ്മദാബാദ് ഡിഫൻഡേഴ്സിനെയും, മുംബൈ മിറ്റിയോഴ്സ് ഹൈദരാബാദ് ബ്ലാക് ഹോക്സിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

