Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_right'കേരള കായികരംഗം...

'കേരള കായികരംഗം ഇത്രവലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ കാലമില്ല'; മുൻ അത്ലറ്റിന്‍റെ കുറിപ്പ് ശ്രദ്ധേയം

text_fields
bookmark_border
കേരള കായികരംഗം ഇത്രവലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ കാലമില്ല; മുൻ അത്ലറ്റിന്‍റെ കുറിപ്പ് ശ്രദ്ധേയം
cancel

കേരളത്തിന്‍റെ കായികരംഗം ഇത്രയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ ഒരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ലെന്ന് മുൻ അത്ലറ്റും കായിക സംഘാടകനുമായ പ്രമോദ് കുന്നുംപുറത്ത്. കായികമേഖലയിൽ കേരളം നേരിടുന്ന അപചയവും തിരിച്ചടികളും, സർക്കാർ കാട്ടുന്ന അവഗണനയും എണ്ണിപ്പറഞ്ഞുകൊണ്ടാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രതികരണം.

പ്രമോദ് കുന്നുംപുറത്ത് പറയുന്നു:- ''ഭോപ്പാലിൽ വെച്ച് നടന്ന യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിലാദ്യമായി കേരളം ഇത്രയും പരിതാപകരമായി ആറാം സ്ഥാനത്ത് എത്തി. എതിരാളികൾ പോലുമില്ലാത്ത ഒരു കാലഘട്ടം ഉണ്ടായിരുന്നു. അന്നൊക്കെ കേരള സ്പോർട്സ് കൗൺസിൽ പരമാവധി കുട്ടികളെ സെലക്ഷൻ നടത്തി വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുമായിരുന്നു.

എന്നാൽ ഇന്ന് കേരളത്തിലെ പല സ്പോർട്സ് ഹോസ്റ്റലുകളും അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. 2017നേക്കാളും 60 ശതമാനത്തോളം കുട്ടികളുടെ കുറവുണ്ടായിരിക്കുന്നു സ്പോർട്സ് ഹോസ്റ്റലുകളിൽ. കടന്നുവരുന്ന കുട്ടികൾക്ക് സെലക്ഷൻ നൽകുവാൻ സ്പോർട്സ് കൗൺസിൽ തയാറാവുന്നില്ല എന്നതാണ് പലരുടെയും പരാതി. കേരളത്തിലെ പ്രശസ്തമായ പല കോളജുകളിലും കുട്ടികൾക്ക് ഭക്ഷണം കൊടുക്കുവാൻ പോലും പൈസ ഇല്ലാത്തതുമൂലം പല ഗെയിമുകളും ഒഴിവാക്കുവാൻ മാനേജ്മെൻറ് തീരുമാനമെടുക്കേണ്ട സ്ഥിതിയിലാണ് ഇപ്പോൾ.

ഒരു കുട്ടി കേരളത്തിനു വേണ്ടി നാഷണൽ മത്സരങ്ങളിൽ പങ്കെടുക്കുവാൻ പോകണമെങ്കിൽ കുറഞ്ഞത് പതിനായിരം രൂപയെങ്കിലും കയ്യിൽ കരുതണം. യാത്രാക്കൂലിയും താമസസൗകര്യവും എല്ലാം സ്വന്തം ചെലവിൽ. ഈ ഭാരിച്ച ചെലവ് വഹിക്കാൻ കഴിയാതെ പല പാവപ്പെട്ട കുട്ടികളും ഈ രംഗത്തോട് തന്നെ വിട പറയുകയാണ്.

കുട്ടികൾക്കു നൽകേണ്ട സ്പോർട്സ് കിറ്റ് പോലും വിതരണം ചെയ്തിട്ട് രണ്ടുവർഷമായി. സ്പോർട്സിന്റെ ഉന്നമനത്തിനു വേണ്ടി സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് കൗൺസിലും, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സും, കേരള സ്പോർട്സ് ഫൗണ്ടേഷനും എല്ലാം ഉള്ളപ്പോഴാണ് ഈ ഗതികേട് എന്നതാണ് പരിതാപകരം.

സ്പോർട്സിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എറിയാൻ അറിയാവുന്നവന്റെ കയ്യിൽ കല്ല് കൊടുക്കില്ല എന്ന് പറഞ്ഞതുപോലെ കായികതാരങ്ങൾ ഉള്ളയിടത്തല്ല സ്റ്റേഡിയങ്ങൾ നിർമിക്കുന്നത്. മെഡിക്കൽ കോളജ് പോലെയുള്ള സ്ഥലങ്ങളിലാണെന്നു മാത്രം. നാളെ ഡോക്ടർമാരും രോഗികളും നല്ല ഓട്ടക്കാരായി മാറട്ടെ എന്ന് ആശംസിക്കാം.


(പ്രമോദ് കുന്നുംപുറത്ത് പോസ്റ്റ് ചെയ്ത ചിത്രം)

സ്പോർട്സ് കൗൺസിൽ ഭാരവാഹിയുടെ, 20 കുട്ടികളിൽ താഴെയുള്ള സ്വകാര്യ അക്കാദമിക്ക് പോയ വർഷങ്ങളിൽ സർക്കാർ നൽകിയ തുകയുടെ കണക്ക് ഒരുകോടി 19 ലക്ഷത്തി എൺപതിനായിരം രൂപയാണ്.

എന്നാൽ ദേശീയതലത്തിലോ അന്തർദേശീയ തലങ്ങളിലോ വേണ്ടത്ര മികവ് പുലർത്തുവാൻ കഴിഞ്ഞോ എന്നതും പരിശോധിക്കേണ്ടതാണ്.


(പ്രമോദ് കുന്നുംപുറത്ത് പോസ്റ്റ് ചെയ്ത ചിത്രം)

സർക്കാർ ചിലവിൽ ഇന്നോവ കാറിൽ കറങ്ങുന്നവർക്ക് ആവശ്യമില്ലാത്തതുകൊണ്ടാവാം ഈ വണ്ടി റോഡ് സൈഡിൽ ഉപേക്ഷിച്ചിരിക്കുന്നത്. ഈ വണ്ടിയുടെ അവസ്ഥ കേരളത്തിലെ കായിക താരങ്ങൾക്കുണ്ടാവാതിരിക്കട്ടെ. മുന്നോട്ടുപോകുവാൻ കഴിയാതെ കിതച്ചു നിൽക്കുകയാണ്... ''

Show Full Article
TAGS:kerala sports Pramod Kunnupurathe 
News Summary - Pramod Kunnupurathe facebook post on kerala sports de-growth
Next Story