Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പായൽ നാഗ്, മഴവില്ല് കുലച്ച് അമ്പെയ്തവൾ

text_fields
bookmark_border
ഇരു കൈകാലുകളുമില്ലാത്ത പെൺകുട്ടിക്ക് ലോക ചാമ്പ്യനെ വീഴ്ത്തി വേൾഡ് ആർച്ചറി പാരാ സീരീസ് സ്വർണം
പായൽ നാഗ്, മഴവില്ല് കുലച്ച് അമ്പെയ്തവൾ
cancel
camera_alt

അമ്പെയ്ത്ത് മത്സരത്തിൽ പങ്കെടുക്കുന്ന പായൽ നാഗ്

ചേച്ചി, എനിക്കും അമ്പെയ്ത്ത് പഠിക്കണം)- 2023ൽ അന്നത്തെ ഏഷ്യൻ പാരാ ആർച്ചറി സ്വർണ മെഡൽ ജേതാവ് ശീതൾ ദേവിയോട് ഒരു കൗമാരക്കാരി പെൺകുട്ടി വിഡിയോ കാളിൽ ഇങ്ങനെ പറഞ്ഞു. ‘‘ശരി, വരൂ’’ എന്ന് ശീതളിന്റെ മറുപടി. ഇരുകാലുകളും കൈകളുമില്ലാത്ത അവളുടെ സ്വപ്നയാത്രയുടെ തുടക്കം പക്ഷേ, അവിടെനിന്നായിരുന്നില്ല. കഴിഞ്ഞയാഴ്ച ബാങ്കോക്കിൽ നടന്ന വേൾഡ് ആർച്ചറി പാരാ സീരീസ് ഇവന്റിന്റെ ഫൈനലിൽ, തന്റെ രണ്ടാമത്തെ അന്താരാഷ്ട്ര മത്സരത്തിൽ മാത്രം പങ്കെടുക്കുന്ന ആ പെൺകുട്ടി നിലവിലെ ലോക ചാമ്പ്യനായ ശീതളിനെത്തന്നെ പരാജയപ്പെടുത്തി. അവളുടെ പേര് -പായൽ നാഗ്.

ജീവിതം മാറ്റിമറിച്ച പകൽ

2015ലെ ഒരു പകലിൽ ഛത്തിസ്ഗഢിലെ റായ്‌പുരിലെ ഇഷ്ടികച്ചൂളയിൽ മാതാപിതാക്കൾ ജോലി ചെയ്യുന്നതിനിടെ, സമപ്രായക്കാരെപ്പോലെ ആ ഏഴ് വയസ്സുകാരി പരിസരത്തെവിടെയോ കളിക്കുകയായിരുന്നു. അവിചാരിതമായി ഒരു ഇലക്ട്രിക് ലൈനിൽ സ്പർശിച്ചു പായൽ. ജീവൻ തിരിച്ചുകിട്ടിയെങ്കിലും ഇരു കൈകാലുകളും നഷ്ടപ്പെട്ടു. കുട്ടിയുടെ ഭാവിയോർത്ത് സമൂഹം പരിഹസിച്ചപ്പോഴും ഒഡിഷയിലെ ബാലംഗീർ സ്വദേശികളായ മാതാപിതാക്കൾ അവളെ ചേർത്തുപിടിച്ചു. മൂത്ത സഹോദരി വർഷയും വലിയ പിന്തുണയായി. ക്രമേണ പായൽ ചിത്രരചനയിൽ താൽപര്യം പ്രകടിപ്പിക്കുകയും വായ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കാൻ തുടങ്ങുകയും ചെയ്തു. 2022ൽ അവളെ പാർബതി ഗിരി ബാല നികേതൻ എന്ന സർക്കാർ ചൈൽഡ് കെയർ സെന്ററിലേക്ക് മാറ്റി. അവിടെവെച്ച് ‘സുർഭി’ എന്ന ചിത്രരചനാ മത്സരത്തിൽ പായൽ ഒന്നാം സ്ഥാനം നേടി.

ലക്ഷ്യം തെറ്റാതെ സ്വപ്നനേട്ടങ്ങളിൽ

സമൂഹ മാധ്യമങ്ങളിലൂടെ പായലിനെക്കുറിച്ചറിഞ്ഞ ശീതളിന്റെ കോച്ച് കുൽദീപ് വേദ്‌വാൻ, അവളെ ജമ്മു-കശ്മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി ഷ്രൈൻ ബോർഡ് അക്കാദമിയിൽ എത്തിച്ചു. നാല് അവയവങ്ങളും ഇല്ലാത്ത ഒരാൾ പാരാ ആർച്ചറിയിൽ വരുന്നത് ലോകം ആദ്യമായാണ് കാണുന്നത്. ശീതളിന് കൈകൾ ഇല്ലായിരുന്നെങ്കിലും കാലുകൾ ഉപയോഗിക്കാമായിരുന്നു. എന്നാൽ, പായലിന് അതിനും കഴിയില്ല. പായലിനായി പരിശീലകൻ വേദ്‌വാൻ ഒരു പ്രത്യേക ഉപകരണം നിർമിച്ചു. തോളിലെ ചലനംകൊണ്ട് അമ്പ് എയ്യത്തക്ക രീതിയിലായിരുന്നു ഇതിന്റെ ക്രമീകരണം. ഒന്നര വർഷത്തെ പരിശീലനത്തിന് ശേഷം, ജയ്പുരിൽ നടന്ന പാരാ ആർച്ചറി നാഷനൽസിലാണ് പായൽ ആദ്യമായി മത്സരിച്ചത്. അവിടെ രണ്ട് മെഡലുകൾ നേടുകയും ശീതളിനെ ആദ്യമായി പരാജയപ്പെടുത്തുകയും ചെയ്തു. ആ ആത്മവിശ്വാസം ബാങ്കോക്കിലെ ഫൈനലിലും അവളെ സഹായിച്ചു. ആവേശകരമായ പോരാട്ടത്തിൽ 119-116 എന്ന സ്കോറിനാണ് പായൽ തന്റെ ആരാധ്യപാത്രമായ ശീതളിനെ തോൽപിച്ചത്. ബാങ്കോക്കിലെ വിജയത്തിന് ശേഷം പായലിനെ ശീതൾ ചേർത്തുപിടിച്ചു. ദേശീയഗാനം കേൾപ്പിക്കുമ്പോൾ പായലിന്റെ വീൽചെയർ ഇന്ത്യൻ പതാകക്ക് അഭിമുഖമായി തിരിച്ചുവെക്കാനും ശീതൾ സഹായിച്ചു. ‘‘എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞവർക്ക് മുന്നിൽ ഞാൻ എന്നെ തെളിയിച്ചു’’ -പായൽ അഭിമാനത്തോടെ പറയുന്നു. 2028ലെ ലോസ് ആഞ്ജലസ് പാരാലിമ്പിക്സിൽ സ്വർണം നേടുകയാണ് 18 കാരിയുെട അടുത്ത ലക്ഷ്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Payal Nag, the woman who shot the rainbow
Next Story