'സ്വപ്നം' യാഥാർഥ്യമാക്കിയ സന്തോഷത്തിൽ നീരജ്; സഫലീകരിച്ചത് മാതാപിതാക്കളുടെ ഏറെനാളത്തെ ആഗ്രഹം
text_fieldsനീരജ് മാതാപിതാക്കൾക്കൊപ്പം
ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ സ്വർണമെഡൽ നേട്ടവുമായി ജാവലിൻ താരം നീരജ് ചോപ്ര രാജ്യത്തിന്‍റെ അഭിമാനമായിരുന്നു. തന്‍റെ ജീവിതത്തിലെ സ്വപ്നങ്ങളിലൊന്ന് പൂർത്തീകരിച്ചതിന്‍റെ നിർവൃതിയിലാണ് താരമിപ്പോൾ.
തന്‍റെ മാതാപിതാക്കൾക്ക് ആദ്യമായി വിമാനത്തിൽ പറക്കാൻ അവസരമൊരുക്കി അവരെ സന്തോഷിപ്പിച്ചാണ് നീരജ് തന്‍റെ സ്വപ്നങ്ങളിലൊന്ന് യാഥാർഥ്യമാക്കിയത്. മാതാപിതാക്കൾക്കൊപ്പമുള്ള വിമാനയാത്രയുടെ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
'എന്‍റെ മാതാപിതാക്കളെ അവരുടെ ആദ്യ വിമാനയാത്ര കൊണ്ടുപോകാൻ കഴിഞ്ഞതിനാൽ എന്‍റെ ഒരു ചെറിയ സ്വപ്നം ഇന്ന് യാഥാർഥ്യമായി'-നീരജ് സാമൂഹിക മാധ്യമങ്ങളിൽ എഴുതി.
2021ൽ മത്സരങ്ങളിൽ നിന്ന് ചെറിയ ഇടവേള എടുക്കുമെന്ന് നീരജ് നേരത്തെ അറിയിച്ചിരുന്നു. 2022ലെ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും പങ്കെടുക്കുന്നതിനായി മടങ്ങി വരുമെന്നാണ് താരം കഴിഞ്ഞ മാസം അറിയിച്ചത്.
ടോക്യോ ഒളിമ്പിക്സിൽ പുരുഷ വിഭാഗം ജാവലിൻത്രോയിൽ 87.58 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് നീരജ് ചരിത്രം കുറച്ചത്. അത്ലറ്റിക്സിൽ സ്വർണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് മാറിയിരുന്നു.