നന്ദി ജിൻസൺ; ട്രാക്കിനോട് വിടപറഞ്ഞ് ഒളിമ്പ്യൻ ജിൻസൺ ജോൺസൺ
text_fieldsഒളിമ്പ്യൻ ജിൻസൺ ജോൺസൺ
കോഴിക്കോട്: ഇന്ത്യയുടെ മധ്യദൂര ട്രാക്കിലെ മലയാളി പൊൻ താരം ജിൻസൺ ജോൺസൺ അത്‍ലറ്റിക്സ് പോർക്കളത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മെഡൽ നേടുകയും 2016 റിയോ ഒളിമ്പിക്സിൽ പങ്കെടുക്കുകയും ചെയ്ത സ്വപ്നസമാനമായ കരിയറിനാണ് 34ാം വയസ്സിൽ അന്ത്യം കുറിക്കുന്നത്.
2023 ഒക്ടോബറിൽ ചൈനയിലെ ഗ്വാങ്ചുവിൽ നടന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ വെങ്കലം നേടിയിരുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി 800 മീറ്ററിലും 1500 മീറ്ററിലും ഇന്ത്യയുടെ ഏറ്റവും മികച്ച ഓട്ടകാരനായി ട്രാക്ക് വാണ ശേഷമാണ് ജിൻസൺ ജോൺസൺ പടിയിറങ്ങുന്നത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണവും, 800 മീറ്ററിൽ വെള്ളിയും നേടി.
2015 വുഹാൻ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ വെള്ളിയും, 2017 ഭുവനേശ്വറിൽ 800 മീറ്ററിൽ വെങ്കലവും നേടി. 2015ലെ ഏഷ്യൻ ഗ്രാൻഡ്പ്രീയിൽ ഇന്ത്യക്കായി മൂന്ന് സ്വർണവും നേടി.
800 മീറ്ററിൽ 42 വർഷത്തോളംകാലം മുൻ ഇന്ത്യൻതാരം ശ്രീറാം സിങ് കൈവശം വെച്ച ദേശീയ റെക്കോഡ് തിരുത്തികൊണ്ടായിരുന്നു ജിൻസൺ അതിശയിപ്പിച്ചത്. 2018ലെ ദേശീയ സീനിയർ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 1 മിനിറ്റ് 45.65 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഇളക്കമില്ലാത്ത റെക്കോഡ് തന്റെ പേരിൽ എഴുതി. നിലവിൽ മലയാളി താരം മുഹമ്മദ് അഫ്സലിന്റെ പേരിലാണ് 800 മീറ്ററിലെ റെക്കോഡ്.
അതേ വർഷം തന്നെ 1500 മീറ്ററിലും 23 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് ജിൻസൺ തിരുത്തി. ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത് ഗെയിംസിലായിരുന്നു 3 മിനിറ്റ് 47.04 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ദേശീയ റെക്കോഡ് കുറിച്ചത്. ഒരേ വർഷം രണ്ട് റെക്കോഡ് തിരുത്തിയ താരം ഏഷ്യൻ ടോപ് അത്‍ലറ്റായും മാറി.
തൊട്ടടുത്ത വർഷം 1500 മീറ്ററിലെ സ്വന്തം റെക്കോഡ് ബെർലിനിൽ നടന്ന മീറ്റിൽ തിരുത്തി (3: 35.24) വീണ്ടും ചരിത്രം കുറിച്ചു. ഇപ്പോഴും ഇളക്കമില്ലാതെ ആ റെക്കോഡ് ജിൻസണിന്റെ പേരിൽ തന്നെ തുടരുന്നു.
കോഴിക്കോട് പേരാമ്പ്രയിലെ ചക്കിട്ടപ്പാറ സ്വദേശിയായ ജിൻസൺ നിലവിൽ ഇന്ത്യൻ ആർമിയിൽ സുബേദാറായി ഹൈദരാബാദിൽ സേവനം ചെയ്യുകയാണ്. മത്സര ട്രാക്കിനോട് വിടപറയുമ്പോഴും, പരിശീലക വേഷത്തിൽ ഭാവിയിൽ ട്രാക്കിൽ സജീവമായി തുടരാനാണ് ജിൻസണിന്റെ തീരുമാനം. നിലവിൽ ബംഗളുരുവിൽ വേൾഡ് അത്ലറ്റിക്സിന്റെ ലെവൽ വൺ കോഴ്സും ചെയ്യുന്നതായി താരം ‘മാധ്യമം ഓൺലൈനിനോട്’ പ്രതികരിച്ചു.
ഈ വർഷം ജപ്പാനിൽ ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ അന്താരാഷ്ട്ര മേളകൾ വരാനിരിക്കെയാണ് ജിൻസണിന്റെ പടിയിറക്കം.
2007ൽ കൊൽക്കത്തയിൽ നടന്ന ദേശീയ സ്കൂൾ കായികമേളയിൽ മെഡലണിഞ്ഞുകൊണ്ട് ട്രാക്കിലെ പൊൻതാരമായി ഉദിച്ചുയർന്ന ജിൻസണിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ, ഏഷ്യൻ ഗെയിംസ്, ലോക അത്‍ലറ്റിക് മീറ്റ്, ഒളിമ്പിക്സ്, കോമൺവെൽത് ഗെയിംസ് അങ്ങനെ വിവിധ വേദികളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു, ത്രിവർണം അഭിമാനത്തോടെ തോളിലേറ്റി.
കായികമികവിനുള്ള രാജ്യത്തിന്റെ അംഗീകാരമായി 2018ൽ അർജുന പുരസ്കാരവും ജിൻസൺ ജോൺസണിനെ തേടിയെത്തി. രണ്ടു പതിറ്റാണ്ടിലേക്ക് നീളുന്ന തന്റെ കായിക ജൈത്രയാത്രയിൽ പിന്തുണച്ച കോച്ചുമാർ, അത്‍ലറ്റിക് ഫെഡറേഷൻ, ഇന്ത്യൻ ആർമി, ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ എല്ലാവരോടും നന്ദി പറയുകയാണ് താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

