കരിയറിന്റെ അവസാനം തെറ്റുകാരിയായി ചിത്രീകരിക്കപ്പെട്ടു; ശരീരത്തിൽ നിരോധിത മരുന്ന് എങ്ങനെയെത്തിയെന്ന് അറിയില്ല -എൻ.വി. ഷീന
text_fieldsകോഴിക്കോട്: കരിയറിന്റെ അവസാനഘട്ടത്തിൽ നിൽക്കുന്ന താൻ അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അന്താരാഷ്ട്ര ട്രിപ്ൾ ജംപ് താരം എൻ.വി. ഷീന. നിരന്തരം മത്സരങ്ങളിൽ പങ്കെടുക്കുന്ന തന്റെ ശരീരത്തിൽ നിരോധിത മരുന്ന് എങ്ങനെയെത്തിയെന്ന് മനസ്സിലാവുന്നില്ലെന്നും ദേശീയ ഉത്തേജക വിരുദ്ധഏജൻസിയുടെ (നാഡ) വിലക്ക് നേരിടുന്ന താരം ‘മാധ്യമ’ത്തോട് പറഞ്ഞു. നിരപരാധിത്വം ചൂണ്ടിക്കാട്ടി നാഡക്ക് കത്തയച്ചിട്ടുണ്ടെന്നും ഷീന അറിയിച്ചു.
''തുടർച്ചയായി മത്സരങ്ങളുള്ളതിനാൽ അതോടൊപ്പം പരിശോധനകളുമുണ്ടാവാറുണ്ട്. ഈ വർഷം അഞ്ച് മീറ്റുകളിൽ പങ്കെടുത്തു. അതിൽ മൂന്നുതവണ ഉത്തേജക പരിശോധന നടത്തി. 120 ദിവസം ശരീരത്തിൽ നിൽക്കുന്ന വസ്തുവാണ് എന്റെ സാമ്പിളിൽനിന്ന് കിട്ടിയെന്ന് പറയുന്നു. എന്ത് ധൈര്യത്തിലാണ് ഞാനത് ചെയ്യുക? ഈ വർഷം ഇനി കാര്യമായ മത്സരങ്ങളൊന്നുമില്ല. മരുന്നടിക്ക് പിടിച്ചുവെന്നാണ് പ്രചാരണം. മനഃപൂർവം ചെയ്തതല്ലെന്ന് ആരും ചിന്തിക്കുന്നില്ല. എന്റെ വശവും ആർക്കും കേൾക്കേണ്ട. വിറ്റമിൻ മരുന്നുകളും സപ്ലിമെന്റുകളും പ്രോട്ടീൻ പൗഡറും റിക്കവറി ഡ്രിങ്കും മാത്രമാണ് ഉപയോഗിച്ചത്. ചില അത്ലറ്റുകളുടെ അനുഭവങ്ങൾ മുന്നിലുണ്ട്. പ്രോട്ടീൻ പൗഡറിൽ ചില പ്രശ്നങ്ങൾ വന്നിരുന്നു. അതുപോലെ സംഭവിച്ചതാണോയെന്ന് അറിയില്ല''-ഷീന തുടർന്നു.
''ഈ സീസണോടെ നിർത്താൻ ആലോചിക്കുന്ന ഞാൻ കരിയറിൽ ഇങ്ങിനെയൊരു റിസ്കെടുക്കുമോ? വിരമിക്കാനിരിക്കെ പരിശീലകരുടെ നിർബന്ധത്തിനു വഴങ്ങി ഒരു സീസൺ കൂടി മത്സരിക്കാൻ തീരുമാനിച്ചതാണ്. അപ്പീൽ നൽകുന്ന കാര്യം പരിശീലകരുമായി ചർച്ച ചെയ്യുന്നുണ്ട്. 15 വർഷത്തിലധികം കേരളത്തിനായും പല തവണ രാജ്യത്തിനായും മത്സരിച്ച അത്ലറ്റ് തീർച്ചയായും നീതി അർഹിക്കുന്നുണ്ട്''-ഷീന കൂട്ടിച്ചേർത്തു. നിലവിൽ 21 ദിവസത്തേക്കാണ് വിലക്ക്. അപ്പീൽ നൽകാനുള്ള സമയപരിധിയിൽ ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്നു തെളിയിച്ചാൽ കൂടുതൽ നടപടി ഒഴിവാക്കാം. ദേശീയ ഗെയിംസിൽ തുടർച്ചയായ മൂന്നു സ്വർണവും പിന്നീട് വെള്ളിയും നേടി കേരളത്തിന് നാല് മെഡലുകൾ സമ്മാനിച്ച താരമാണ് തൃശൂർ ചേലക്കര സ്വദേശിയായ 32കാരി. കൃഷി വകുപ്പ് ഉദ്യോഗസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

