നോർവേ ചെസ്: ഗുകേഷിനും പ്രഗ്നാനന്ദയ്ക്കും ദിവ്യ ദേശ്‍മുഖിനും തോൽവി
text_fieldsഓസ്‌ലോ: നോർവേ ചെസ് ടൂർണമെന്റിലെ ആറാം റൗണ്ടിൽ ഇന്ത്യൻ താരങ്ങൾക്ക് കനത്ത തിരിച്ചടി. ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡി. ഗുകേഷ്, ആർ. പ്രഗ്നാനന്ദ, ദിവ്യ ദേശ്‍മുഖ് എന്നിവർ ആറാം റൗണ്ടിലെ ക്ലാസിക്കൽ പോരാട്ടങ്ങളിൽ പരാജയപ്പെട്ടു. വെറ്ററൻ താരം കൊനേരു ഹംപിയും അർമഗെഡൻ ടൈ-ബ്രേക്കറിൽ തോൽവി വഴങ്ങി. ഒരു ക്ലാസിക്കൽ വിജയത്തിന് മൂന്ന് പോയിന്റ് ലഭിക്കുന്ന ടൂർണമെന്റിൽ, ഈ തോൽവികൾ ഇന്ത്യൻ താരങ്ങളുടെ പോയിന്റ് നിലയെ കാര്യമായി ബാധിച്ചു.
ലോക ചാമ്പ്യൻ ഡി. ഗുകേഷിനെ ജർമനിയുടെ വിൻസെന്റ് കെയ്മറാണ് പരാജയപ്പെടുത്തിയത്. കറുത്ത കരുക്കളുമായി കളിച്ച ഗുകേഷിനെ 52 നീക്കങ്ങൾക്കൊടുവിലാണ് കെയ്മർ കീഴടക്കിയത്. അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ വെസ്‌ലി സോയോടാണ് പ്രഗ്നാനന്ദ പരാജയപ്പെട്ടത്. മികച്ച തുടക്കം ലഭിച്ചെങ്കിലും എൻഡ് ഗെയിമിലെ പ്രതിരോധത്തിൽ വന്ന പിഴവുകൾ പ്രഗ്നാനന്ദയ്ക്ക് തിരിച്ചടിയായി. 63-ാമത്തെ നീക്കത്തിൽ താരം പരാജയം സമ്മതിച്ചു. ഈ തോൽവികളോടെ ഗുകേഷും (6.5), പ്രഗ്നാനന്ദയും (6) പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. 11.5 പോയിന്റുമായി വെസ്‌ലി സോയാണ് ഓപ്പൺ വിഭാഗത്തിൽ ഇപ്പോൾ ഒന്നാമത്. അലിറെസ ഫിറൂജയാണ് തൊട്ടുപിന്നിൽ.
വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ താരം ദിവ്യ ദേശ്‍മുഖിനും ആറാം റൗണ്ടിൽ കാലിടറി. ലോക ചാമ്പ്യനായ ചൈനയുടെ ജു വെൻജുനോടാണ് ദിവ്യ പരാജയപ്പെട്ടത്. വെള്ള കരുക്കളുമായി മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. 69 നീക്കങ്ങൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു ചൈനീസ് താരത്തിന്റെ വിജയം. ഇതോടെ 8.5 പോയിന്റുമായി ദിവ്യ രണ്ടാം സ്ഥാനത്തേക്ക് വീണു. കസാഖ്സ്ഥാൻ താരം ബിബിസാര അസൗബയേവയോടാണ് കൊനേരു ഹംപി പരാജയപ്പെട്ടത്. ക്ലാസിക്കൽ മത്സരം സമനിലയായെങ്കിലും അർമഗെഡനിൽ ബിബിസാര വിജയം സ്വന്തമാക്കി. ഇതോടെ 9.5 പോയിന്റുമായി ബിബിസാര ഒന്നാം സ്ഥാനത്തേക്ക് കയറി. ഹംപി (5.5) അവസാന സ്ഥാനത്താണ്.
അതേസമയം, ആദ്യ റൗണ്ടുകളിൽ മൂന്ന് ക്ലാസിക്കൽ തോൽവികളുമായി ഫോം കണ്ടെത്താൻ വിഷമിച്ച അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്നസ് കാൾസൺ ഗംഭീരമായി വിജയവഴിയിൽ തിരിച്ചെത്തി. ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെടുത്തിയ അലിറേസ ഫിറോസയെയാണ് കാൾസൺ ആറാം റൗണ്ടിൽ തകർത്തുവിട്ടത്. ആറാം റൗണ്ടിലെ എല്ലാ ക്ലാസിക്കൽ മത്സരങ്ങളിലും വെള്ള കരുക്കളുമായി കളിച്ചവരാണ് വിജയിച്ചത് എന്നതും ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

