‘ബെൻസ് കാർ ഇപ്പോൾ വേണ്ട, ആ സമ്മാനത്തുക കൊണ്ട് മാതാപിതാക്കൾ ഉംറ നിർവഹിക്കട്ടെ’; ആഗ്രഹം വെളിപ്പെടുത്തി നിഖാത് സരിൻ
text_fieldsന്യൂഡൽഹി: ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷിപ് ജേതാവിനുള്ള സമ്മാനത്തുകയായ ഒരു ലക്ഷം ഡോളർ ലഭിക്കുമ്പോൾ ഒരു മെഴ്‌സിഡസ് ബെൻസ് കാർ വാങ്ങണമെന്നായിരുന്നു നിഖാത് സരിന്റെ ആഗ്രഹം. എന്നാൽ, രണ്ടാം തവണയും ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ താരത്തിന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഏറ്റവും പുതിയ ഥാർ എസ്.യു.വി സമ്മാനമായി പ്രഖ്യപിച്ചതോടെ നിഖാത് തന്റെ ബെൻസ് മോഹം മാതാപിതാക്കൾക്ക് വേണ്ടി തൽക്കാലത്തേക്ക് മാറ്റിവെച്ചു. ആ തുക കൊണ്ട് മാതാപിതാക്കളെ ഉംറ നിർവഹിക്കാൻ അയക്കാനാണ് ഇപ്പോൾ ആലോചനയെന്ന് നിഖാത് വെളിപ്പെടുത്തി.
''ബെൻസ് വാങ്ങണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, ഇപ്പോൾ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. എനിക്ക് ഥാർ സമ്മാനമായി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ബെൻസ് മോഹം ഉപേക്ഷിക്കുകയാണ്. റമദാൻ മാസത്തിൽ എനിക്കെന്റെ മാതാപിതാക്കളെ ഉംറക്ക് അയക്കണം. ഇക്കാര്യം വീട്ടിലെത്തി അവരോട് സംസാരിക്കണം''-നിഖാത് പറഞ്ഞു.
നിലവിലെ ലോക ചാമ്പ്യനായ നിഖാത് 50 കിലോഗ്രാം ഫൈനലിൽ വിയറ്റ്‌നാമിന്റെ എൻഗുയെൻ തി ടാമിനെ തോൽപ്പിച്ചാണ് ലോകകിരീടം നിലനിർത്തിയത്. നേരത്തെ ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ ജാവലിൻ താരം നീരജ് ചോപ്രക്കും പാരാലിമ്പിക്സ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ സുമിത് ആന്റിലിനും മഹീന്ദ്ര എക്സ്.യു.വി 700 എസ്.യു.വി സമ്മാനിച്ചിരുന്നു.
തെലങ്കാനയിലെ നിസാമാബാദിൽ മുഹമ്മദ് ജമീൽ അഹമ്മദിന്റെയും പർവീൺ സുൽത്താനയുടെയും മകളായി 1996 ജൂൺ 14നാണ് നിഖാത് സരിൻ ജനിച്ചത്. ഹൈദരാബാദിലെ എ.വി കോളജിൽനിന്ന് ബിരുദം നേടി. 2011ലാണ് പ്രഫഷനൽ ബോക്സിങ് കരിയർ ആരംഭിച്ചത്. 2021ൽ എ.ഐ.ബി.എ വനിത യൂത്ത് ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി. തുടർന്ന് ഇന്ത്യൻ ഓപൺ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണവും ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടി. 2022ൽ തുർക്കിയയിലെ ഇസ്തംബൂളിൽ നടന്ന ലോക് ബോക്സിങ് ചാമ്പ്യൻഷിപ്പിലാണ് ആദ്യമായി സ്വർണം നേടുന്നത്. 2022ലെ കോമൺവൽത്ത് ഗെയിംസിലും സ്വർണം നേടിയിരുന്നു. അടുത്ത ഏഷ്യൻ ഗെയിംസിലും സ്വർണം നേടി പാരിസ് ഒളിമ്പിക്‌സ് പ്രവേശനം നേടുകയാണ് നിഖാതിന്റെ അടുത്ത ലക്ഷ്യം.