''നീരജും ഞങ്ങളുടെ മകനെപ്പോലെ, മിൽഖാ സിങ്ങിനോട് കാണിച്ച അതേ സ്‌നേഹം അവനും നൽകും'', പാകിസ്താൻ താരം അർഷദ് നദീമിന്റെ പരിശീലകൻ
text_fieldsനീരജ് ചോപ്രയും അർഷദ് നദീമും
അർഷദും ഇന്ത്യയുടെ നീരജ് ചോപ്രയും ഇസ്‍ലാമാബാദിലോ ലാഹോറിലോ നിറഞ്ഞ സ്റ്റേഡിയത്തിന് മുന്നിൽ മത്സരിക്കുന്നത് കാണാൻ ആഗ്രഹമുണ്ടെന്ന് പാകിസ്താൻ ജാവലിൻ ത്രോ താരം അർഷദ് നദീമിന്റെ പരിശീലകൻ സയ്യിദ് ഹുസൈൻ ബുഖാരി. നീരജും ഞങ്ങളുടെ മകനെപ്പോലെയാണെന്നും 1960ൽ ലാഹോറിൽ അബ്ദുൽ ഖാലിഖിനെതിരെ വിജയിച്ചപ്പോൾ മിൽഖാ സിങ്ങിനോട് കാണിച്ച അതേ സ്‌നേഹം നീരജ് വിജയിച്ചാൽ ഞങ്ങൾ അദ്ദേഹത്തിനും ചൊരിയുമെന്നും അദ്ദേഹം പറഞ്ഞു.
"മിക്കപ്പോഴും ഇസ്‍ലാമാബാദിലെയും ലാഹോറിലെയും ജിന്ന സ്റ്റേഡിയത്തിൽ അർഷദ് പരിശീലിക്കാറുണ്ട്, ലാഹോറിലോ ഇസ്‍ലാമാബാദിലോ നിറഞ്ഞ സ്റ്റേഡിയത്തിൽ അർഷദും നീരജും മത്സരിക്കുന്നത് കാണണമെന്നാണ് എന്റെ ആഗ്രഹം. നീരജും ഞങ്ങളുടെ മകനെപ്പോലെയാണ്. 1960ൽ ലാഹോറിൽ അബ്ദുൽ ഖാലിഖിനെതിരെ വിജയിച്ചപ്പോൾ മിൽഖാ സിങ് ജിയോട് കാണിച്ച അതേ സ്‌നേഹം നീരജ് വിജയിച്ചാൽ ഞങ്ങൾ അദ്ദേഹത്തിനും ചൊരിയുമെന്ന് ഒരു പാകിസ്താനി എന്ന നിലയിൽ ഞാൻ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു" ബുഖാരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. അത്‌ലറ്റിക്‌സ് ലോകത്ത് നദീമിന്റെ ഉയർച്ച ജാവലിൻ കായികരംഗത്തേക്ക് കടന്നുവരാൻ യുവാക്കളെ പ്രേരിപ്പിച്ചതായും ബുഖാരി പറഞ്ഞു.
കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ജാവലിനിൽ സ്വർണ മെഡൽ ജേതാവായത് അർഷദ് നദീം ആണ്. 90.18 മീറ്റർ എറിഞ്ഞ താരം 90 മീറ്റർ പിന്നിടുന്ന ആദ്യ ദക്ഷിണേഷ്യക്കാരനാണ്. കഴിഞ്ഞ മാസം നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്ര പരിക്കിനെ തുടർന്ന് കോമൺവെൽത്ത് ഗെയിംസിൽനിന്ന് പിന്മാറിയിരുന്നു.
കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ പാകിസ്താന് ആദ്യമായി സ്വർണം സമ്മാനിച്ച അർഷദ് നദീമിനെ അഭിനന്ദിച്ച് നീരജ് ചോപ്ര രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ നദീം പങ്കിട്ട വിഡിയോക്ക് താഴെ "അഭിനന്ദനങ്ങൾ അർഷദ് ഭായ്, സ്വർണ മെഡലിനും പുതിയ ഗെയിം റെക്കോർഡുമായി 90 മീറ്റർ കടന്നതിനും. ഭാവി മത്സരങ്ങൾക്ക് ആശംസകൾ" എന്നായിരുന്നു നീരജ് കുറിച്ചത്. നീരജ് തനിക്ക് സഹോദരനെ പോലെയാണെന്ന് കഴിഞ്ഞ ദിവസം അർഷദ് നദീം പറഞ്ഞിരുന്നു.
ശത്രുരാജ്യങ്ങളിലെ കായികതാരങ്ങൾ തമ്മിലുള്ള സൗഹൃദം സമൂഹ മാധ്യമങ്ങളിൽ ഏറെ പേരുടെ അഭിനന്ദനത്തിനിടയാക്കിയിരുന്നു. വ്യവസായി ആനന്ദ് മഹീന്ദ്രയും ഇരുവരും തമ്മിലുള്ള സൗഹൃദത്തെ പ്രശംസിച്ച് രംഗത്തെത്തിയവരിലുണ്ടായിരുന്നു. നദീമിനുള്ള നീരജ് ചോപ്രയുടെ സന്ദേശത്തിന്റെ ഒരു സ്‌ക്രീൻഷോട്ട് പങ്കിട്ട അദ്ദേഹം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു, "ലോകം ഇങ്ങനെയായിരിക്കണം... മത്സരശേഷിയും ശത്രുതയും തമ്മിലുള്ള വ്യത്യാസം തെളിയിച്ചതിന് ഇരുവർക്കും ഒരു സ്വർണ മെഡൽ''.