നീരജ് ചോപ്രക്ക് പരം വിശിഷ്ട സേവാ മെഡൽ
text_fieldsന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടി അഭിമാനമായ നീരജ് ചോപ്രക്ക് രാജ്യം പരം വിശിഷ്ട സേവാ മെഡൽ നൽകി ആദരിക്കും.
നീരജ് അടക്കം 384 പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച സൈനിക സേവാ മെഡലുകളുടെ വിതരണം നാളെ വൈകിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിര്‍വഹിക്കും. 12 ശൗര്യചക്ര പുരസ്‌കാരം, 29 പരംവിശിഷ്ട സേവാ മെഡലുകള്‍, നാല് ഉത്തം യുദ്ധ സേവാ മെഡലുകള്‍, 53 അതിവിശിഷ്ട സേവാ മെഡലുകള്‍, 13 യുദ്ധസേവാ മെഡലുകള്‍, മൂന്ന് വിശിഷ്ട സേവാ മെഡലുകള്‍ എന്നിവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യൻ സൈന്യത്തിൽ സുബേദാറാണ് നീരജ്. 2016ൽ 4 രജ്പുതാന റൈഫ്ൾസിൽ നായ്ബ് സുബൈദാറായിട്ടാണ് നീരജ് സർവീസിൽ പ്രവേശിച്ചത്. മിഷൻ ഒളിമ്പിക്സ് വിങ്ങിന്റെയും പൂനെ സ്‍പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഭാഗമായിട്ടായിരുന്നു പരിശീലനം. ഈ വർഷത്തെ റിപബ്ലിക് ദിന പരേഡിൽ നീരജിന്റെ രൂപത്തിലുള്ള ടാബ്ലോ ഹരിയാന അവതരിപ്പിക്കുന്നുണ്ട്.
ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ ത്രോ ഇനത്തിലാണ് നീരജ് സ്വർണം എറിഞ്ഞിട്ടത്. അഭിനവ് ബിന്ദ്രക്ക് ശേഷം ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ രണ്ടാമത്തെ ഇന്ത്യൻ താരമാണ് നീരജ്. അത്ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന അതുല്യ നേട്ടമാണ് നീരജ് സ്വന്തമാക്കിയത്.
അടുത്തിടെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം നല്‍കി രാജ്യം താരത്തെ ആദരിച്ചിരുന്നു.