Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightവിയർപ്പു തുന്നിയിട്ട...

വിയർപ്പു തുന്നിയിട്ട വെള്ളിക്കുപ്പായം; കരിയറിന് ഫുൾസ്റ്റോപ്പെന്ന് വിധിയെഴുതിയ പരിക്കിനെ തോൽപിച്ച് ശ്രീശങ്കറിന്റെ അതിശയ തിരിച്ചുവരവ്

text_fields
bookmark_border
വിയർപ്പു തുന്നിയിട്ട വെള്ളിക്കുപ്പായം; കരിയറിന് ഫുൾസ്റ്റോപ്പെന്ന് വിധിയെഴുതിയ പരിക്കിനെ തോൽപിച്ച് ശ്രീശങ്കറിന്റെ അതിശയ തിരിച്ചുവരവ്
cancel

‘ഇനിയൊരിക്കലും ഓടാനാവില്ല. ലോങ്ജംപ് സ്വപ്നവും ഉപേക്ഷിക്കേണ്ടി വരും’ -രണ്ടു വർഷം മുമ്പ് രാജ്യത്തെ തന്നെ പ്രമുഖ സ്പോർട്സ് മെഡിസിൻ ഡോക്ടർമാർ നൽകിയ ഉപദേശം ഇന്നും മുരളി ശ്രീശങ്കർ എന്ന ഇന്ത്യയുടെ ലോങ്ജംപ് താരത്തിന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്. ഡോക്ടർമാർ മാത്രമല്ല, കോച്ചുമാർ ഉൾപ്പെടെയുള്ളവർ അവന്റെ കരിയർ കഴിഞ്ഞെന്ന് അന്നു പ്രഖ്യാപിച്ചതാണ്. അവർക്കെല്ലാമുള്ള ഉത്തരമായിരുന്നു വ്യാഴാഴ്ച പുലർച്ചെ ഗ്ലാസ്ഗോയിലെ സ്കോട്സ്റ്റൗൺ സ്റ്റേഡിയത്തിലെ ജമ്പിങ് പിറ്റിൽ മെഡലിലേക്ക് ചാടികൊണ്ട് ശ്രീ നടത്തിയ പ്രഖ്യാപനം. ത്രിവർണ പതാക പിടിച്ചുകൊണ്ടുള്ള ആഘോഷത്തിനിടെ ടി.വി കാമറയിലേക്ക് മുന്നിലേക്ക് തന്റെ പരിക്കേറ്റ് ഇടതു കാൽമുട്ടുയർത്തി കാണിച്ച്, വിരൽ ചൂണ്ടി ശ്രീ ഉറക്കെ പറഞ്ഞു -‘നെവർ ഗിവ് അപ്’.

കരിയർ കഴിഞ്ഞെന്ന് പറഞ്ഞ് പറഞ്ഞ വൈദ്യശാസ്ത്രത്തെയും കായിക മേലാളന്മാരെയും തിരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം. ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ലോങ്ജമ്പിൽ 8.09 മീറ്റർ ദൂരത്തേക്ക് പറന്നിറങ്ങി ശ്രീ നേടിയ വെള്ളി മെഡലിന് നാലു വർഷം മുമ്പ് ബെർമിങ്ഹാമിൽ നേടിയ വെള്ളിയേക്കാൾ തിളക്കമുണ്ട്. ഗുരുതരമായ പരിക്കിനെയും തോൽപിച്ച്, കഠിനാധ്വാനവും നിശ്ചയദാർഢ്യവും കരുത്താക്കി നടത്തിയ തിരിച്ചുവരവിന്റെ തിളക്കം. 2024 പാരീസ് ഒളിമ്പിക്സിൽ ശ്രീയിലൂടെ ഇന്ത്യ ഒരു മെഡൽ പ്രതീക്ഷിച്ചിരിക്കെയായിരുന്നു പരിക്ക് വില്ലൻ വേഷമണിയുന്നത്. ഒളിമ്പിക്സിന് കൃത്യം നൂറു ദിവസം മുമ്പ്, പരിശീലന ചാട്ടത്തിനിടെ ശ്രീയുടെ ഇടത് കാൽമുട്ട് പിഴച്ചു. ഇടതു കാൽമുട്ടിന്റെ ചിരട്ടയെയും അസ്ഥിയെയും ബന്ധിപ്പിക്കുന്ന കേശനാരായ ‘പാറ്റെല്ലാർ ടെൻഡോൺ’ പൊട്ടിയുള്ള ഗുരുതര പരിക്ക്. മുംബൈയിലെയും മറ്റും ഡോക്ടർമാർ അത്‍ലറ്റിക്സ് കരിയറിന് ഫുൾ സ്റ്റോപ്പ് പ്രവചിച്ച ഇരുണ്ട ദിനങ്ങൾ. ഇതിനിടെയാണ് മികച്ച ചികിത്സ തേടി സ്പോർട്സ് മെഡിസിനിൽ ലോകത്തിലെ തന്നെ മുൻനിര കേന്ദ്രമായ ഖത്തറിലെ ആസ്പെറ്റാർ സ്പോർട്സ് മെഡിസിൻ ആശുപത്രിയിലേക്ക് പറക്കുന്നത്. ഫ്രഞ്ചുകാരനായ ഓർതോ പീഡിക് സർജൻ ഡോ.ബ്രൂണോ ഒളോറിയിലായിരുന്നു പ്രതീക്ഷകൾ. രണ്ടാഴ്ചക്കുള്ളിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പിന്നെ നീണ്ട എട്ടുമാസത്തെ വിശ്രമം. ശേഷം, പതിയെ പരിശീലനം തുടങ്ങി. ചെറിയ ചെറിയ ചാട്ടങ്ങളുമായി അവൻ ഒന്നിൽ നിന്നും തുടങ്ങി. 2025 ഏപ്രിലിൽ മൂന്ന് മീറ്റർ ദൂരം ചാടി.

വലിയ സ്വപ്നങ്ങളിലേക്ക് ശ്രീ രണ്ടാം ടേക്ക് ഓഫ് കുറിച്ചു തുടങ്ങി. ആ വർഷം ജൂലൈയിൽ ദൂരം 8.05 മീറ്ററായി ഉയർത്തി ശ്രീശങ്കർ തന്റെ വിധിയെഴുതിയവർക്ക് ആദ്യ മറുപടി നൽകി. പരിശീലനം പൂർണമായും തിരുവനന്തപുരത്തേക്ക് മാറ്റി. ഒടുവിൽ, ഇക്കഴിഞ്ഞ ജൂണിൽ ഭുവനേശ്വർ വേദിയായ ദേശീയ സീനിയർ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 8.38 മീറ്റർ എന്ന മികച്ച ദൂരം കണ്ടെത്തി ശ്രീശങ്കർ കായിക ഇന്ത്യയുടെ ശ്രദ്ധ കവർന്നു. ഗ്ലാസ്ഗോയിൽ യോഗ്യതാ റൗണ്ടിൽ 8.01മീറ്ററുമായി നേരിട്ട് ഫൈനൽ യോഗ്യത. ഒടുവിൽ മെഡൽ പോരാട്ടത്തിൽ, മത്സരവേദിയിലെ കടുത്ത തണുപ്പിനെയും തോൽപിച്ച് മിന്നും ചാട്ടത്തിലൂടെ വെള്ളിയുമെത്തി. ആദ്യ ശ്രമത്തിൽ 8.03 മീറ്ററും, രണ്ടാം ശ്രമത്തിൽ മെഡൽ നിശ്ചയിച്ച 8.09 മീറ്റർ ദൂരവും താണ്ടി. രണ്ട് ശ്രമങ്ങൾ ഫൗളായപ്പോൾ, അവസാന രണ്ട് ശ്രമങ്ങൾ എട്ട് മീറ്ററിന് താഴെയായി. 8.15 മീറ്റർ ചാടിയ ജമൈക്കയുടെ ടാജി ഗെയ്‍ലിനാണ് സ്വർണം.

ശ്രീശങ്കറിന്റെ ഓരോ റണ്ണപ്പിലും പിടയുന്ന നെഞ്ചുമായി പിതാവ് മുരളി ഗാലറിയിലുണ്ടായിരുന്നു. ഒരു കോച്ചെന്ന നിലയിൽ കൈയടിച്ചും ആർപ്പുവിളിച്ചും പ്രോത്സാഹിക്കുമ്പോൾ, കാൽമുട്ടിലെ പരിക്കിനെ മറന്ന് കുതിച്ചു ചാടുന്ന മകനു മുന്നിൽ അയാൾ ഉള്ളുപിടയുന്ന അച്ഛനായി. മുൻ അന്താരാഷ്ട്ര ട്രിപ്പിൾ ജമ്പറായ മുരളി റെയിൽവേ ഉദ്യോഗസ്ഥനാണ്. അമ്മ കെ.എസ് ബിജിമോൾ മുൻ 800 മീറ്റർ ഓട്ടക്കാരിയും.

‘അടുത്ത ലക്ഷ്യം സെപ്റ്റംബർ-ഒക്ടോബറിൽ നടക്കുന്ന ഏഷ്യൻ ഗെയിംസാണ്. അതിനുള്ള തയാറെടുപ്പിനായി ഗ്ലാസ്ഗോയിൽ നിന്ന് നേരിട്ട് ചെക്ക് റിപ്പബ്ലിക്കിലേക്ക് പോകും’ -എസ്. മുരളി ‘മാധ്യമ’ത്തോട് പ്രതികരിച്ചു. മെഡൽ നേട്ടത്തിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി സതീശൻ വിഡിയോ കോളിൽ വിളിച്ച് അഭിനന്ദനം അറിയിച്ചതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - M. Sreeshankar Overcomes Career-Threatening Injury to Win Silver at Glasgow 2026
Next Story