നാപ്കിനിലെ ഇന്ത്യന്‍ ഭൂപടത്തിൽ കശ്മീരും വടക്കുകിഴക്കൻ ഭാഗങ്ങളുമില്ല; ഗ്ലാസ്‌ഗോയിലെ ഹോട്ടലിനെതിരെ വിമർശനവുമായി ലവ്‌ലിന
text_fieldsഗ്ലാസ്‌ഗോ: സ്കോട്ട്‌ലൻഡിലെ പ്രമുഖ റസ്റ്ററന്റിൽ നൽകിയ നാപ്കിനിൽ ഇന്ത്യയുടെ അപൂർണ്ണമായ ഭൂപടം നൽകിയതിനെതിരെ വിമർശനവുമായി ഇന്ത്യൻ ബോക്സിങ് താരം ലവ്‌ലിന ബോർഗോഹെയ്ൻ. 'മിസ്റ്റര്‍ സിങ്‌സ് ഇന്ത്യ' എന്ന റസ്റ്ററന്റില്‍ പോയപ്പോഴാണ് രാജ്യത്തിന്റെ ഭൂപടം തെറ്റായി അടയാളപ്പെടുത്തിയത് ലവ്‌ലിനയുടെ ശ്രദ്ധയില്‍ പെട്ടത്. 2026 കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ ബോക്സിങ് ടീമിന്റെ ചരിത്ര നേട്ടം ആഘോഷിക്കാൻ ഒരുക്കിയ വിരുന്നിനിടെയായിരുന്നു സംഭവം.
ഗ്ലാസ്‌ഗോയിലെ 'മിസ്റ്റർ സിങ്സ് ഇന്ത്യ' എന്ന റസ്റ്ററന്റിലായിരുന്നു ഇന്ത്യൻ സംഘത്തിന് വിരുന്നൊരുക്കിയിരുന്നത്. കോമൺവെൽത്ത് ഗെയിംസിൽ ഏഴ് സ്വർണ്ണവും മൂന്ന് വെള്ളിയുമടക്കം 10 മെഡലുകൾ വാരിക്കൂട്ടിയതിന്റെ ആഘോഷത്തിലായിരുന്നു ഇന്ത്യൻ താരങ്ങൾ. ഭക്ഷണം കഴിക്കുന്നതിനിടെയാണ് മേശപ്പുറത്തുണ്ടായിരുന്ന നാപ്കിനിലെ റസ്റ്ററന്റിന്റെ ലോഗോ ലവ്‌ലിനയുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ ലോഗോയിലുണ്ടായിരുന്ന ഇന്ത്യൻ ഭൂപടത്തിൽ വടക്കു കിഴക്കൻ ഭാഗങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടിരുന്നു. ഇതിന് പുറമെ ഹോട്ടലിന്റെ ബോർഡിലും ഇതേ തെറ്റായ ഭൂപടം തന്നെയായിരുന്നു പ്രദർശിപ്പിച്ചിരുന്നത്.
"ദയവായി ഇതൊരു മോശം അർത്ഥത്തിൽ എടുക്കരുത്. എന്നാൽ ഈ ഭൂപടം കണ്ടപ്പോൾ എനിക്ക് വ്യക്തിപരമായി വലിയ വിഷമം തോന്നി. കാരണം, ഇതിൽ ഞങ്ങളുടെ നോർത്ത് ഈസ്റ്റ് കാണാനില്ല. പുറത്തെ ബോർഡിലും നോർത്ത് ഈസ്റ്റ് ഒഴിവാക്കിയുള്ള ഭൂപടമാണുള്ളത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരാളെന്ന നിലയിൽ ഇത് ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും പ്രധാനപ്പെട്ടതാണ്. അതെല്ലാം ഭൂപടത്തിൽ ഉണ്ടായിരിക്കണം," നാപ്കിൻ ഉയർത്തിക്കാണിച്ച് ലവ്‌ലിന വ്യക്തമാക്കി.
റസ്റ്ററന്റിന്റെ നാപ്കിനിൽ കശ്മീരിന്റെ ഭാഗങ്ങളും വികലമാണെന്ന് വിരുന്നിൽ പങ്കെടുത്തിരുന്ന ബോക്‌സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് അജയ് സിങ്ങും ചൂണ്ടിക്കാട്ടി. പ്രശ്നം ഹോട്ടൽ മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, തെറ്റ് തിരുത്താമെന്ന് അവർ ഉറപ്പുനൽകിയതായും അജയ് സിങ് പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.
നാപ്കിൻ ഉയർത്തിക്കാട്ടിയുള്ള ലവ്‌ലിനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനമാണ് ഹോട്ടലിനെതിരെ ഉയർന്നത്. ഇതോടെ വിശദീകരണവുമായി ഹോട്ടൽ അധികൃതർ രംഗത്തെത്തി. തെറ്റായ ഭൂപടം നൽകിയതിൽ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും, പുതിയ മാപ്പ് ഉൾപ്പെടുത്തി ലോഗോ മാറ്റുമെന്നും ഹോട്ടൽ അധികൃതർ പ്രതികരിച്ചു.
ഇന്ത്യൻ പൈതൃകത്തിൽ വലിയ അഭിമാനം കൊള്ളുന്നവരാണ് തങ്ങൾ. കഴിഞ്ഞ 32 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, ഇന്ത്യൻ സംഘത്തിന് ഭക്ഷണം വിളമ്പാൻ കഴിഞ്ഞത് വലിയ അംഗീകാരമായി കാണുന്നുവെന്നും മാനേജ്മെന്റ് പ്രസ്താവനയിൽ അറിയിച്ചു.
പഴയ ഒരു 'ബ്രിട്ടീഷ് മാപ്പ്' അടിസ്ഥാനമാക്കിയാണ് ലോഗോ ഡിസൈൻ ചെയ്തതെന്നാണ് ഹോട്ടൽ അധികൃതർ ഇന്ത്യൻ സംഘത്തിന് നൽകിയ പ്രാഥമിക വിശദീകരണം. എന്നാൽ, ക്ഷമാപണം നടത്തി പ്രസ്താവന ഇറക്കിയതിന് തൊട്ടുപിന്നാലെ റസ്റ്ററന്റിനെതിരെ സൈബർ ആക്രമണം ശക്തമായി. ഇതോടെ മിനിറ്റുകൾക്കകം 'മിസ്റ്റർ സിങ്സ് ഇന്ത്യ' തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തു.
ഇരുപത്തിയെട്ടുകാരിയായ ലവ്‌ലിന ബോർഗോഹെയ്ൻ മത്സരിച്ചത്. ഫൈനലിൽ ഓസ്ട്രേലിയയുടെ എമ്മ സ്യു ഗ്രീൻട്രീയോട് (1-4) പരാജയപ്പെട്ടെങ്കിലും താരം ഇന്ത്യക്കായി അഭിമാനകരമായ വെള്ളി മെഡൽ കരസ്ഥമാക്കി. ലവ്‌ലിനയുടെ കരിയറിലെ ആദ്യ കോമൺവെൽത്ത് മെഡൽ കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

