കളിച്ച അഞ്ച് മത്സരവും തോറ്റു; പ്രൈം വോളിയിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസ് സെമി കാണാതെ പുറത്ത്
text_fieldsപ്രൈം വോളിബാൾ ലീഗിൽ കാലിക്കറ്റ് ഹീറോസ്-ബംഗളൂരു ടോർപ്പിഡോസ് മത്സരത്തിൽനിന്ന്
ഹൈദരാബാദ്: പ്രൈം വോളിബാൾ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസ് സെമി ഫൈനൽ കാണാതെ പുറത്തായി. ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗളൂരു ടോർപ്പിഡോസിനോട് അഞ്ച് സെറ്റ് നീണ്ട തകർപ്പൻ പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുകയായിരുന്നു. സ്കോർ: 20-18, 20-18, 7-15, 11-15, 15-12.
ബംഗളൂരു ടോർപ്പിഡോസ് ആദ്യ രണ്ട് സെറ്റുകൾ നേടി മുന്നിലെത്തിയെങ്കിലും, ശക്തമായി തിരിച്ചടിച്ച കാലിക്കറ്റ് ഹീറോസ് അടുത്ത രണ്ട് സെറ്റുകൾ സ്വന്തമാക്കി മത്സരം നിർണായകമായ അഞ്ചാം സെറ്റിലേക്ക് എത്തിച്ചു. എന്നാൽ, അവസാന സെറ്റിൽ ബംഗളൂരു വിജയം ഉറപ്പിച്ചു. തോറ്റെങ്കിലും കാലിക്കറ്റിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത ഷമീമുദ്ദീനാണ് കളിയിലെ താരം. സീസണിൽ ബംഗളൂരുവിന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്. 13 പോയിന്റോടെ അവർ പട്ടികയിലും ഒന്നാമതെത്തി.
ബംഗളൂരുവിന് വേണ്ടി സേതു ടി.ആർ ആണ് ആദ്യ രണ്ട് സെറ്റുകളിൽ ആക്രമണം നയിച്ചത്. ജോയൽ ബെഞ്ചമിൻ, യാലൻ പെൻറോസ് എന്നിവരും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അവസാന സെറ്റിൽ യാലന്‍റെ പവർ സ്പൈക്കാണ് വിജയം ഉറപ്പാക്കിയത്. ഷമീമുദ്ദീണെ തകർപ്പൻ ബ്ലോക്കിങ് മികവും, സന്തോഷ്, തരുഷ ചമത്ത് എന്നിവരുടെ പ്രകടനങ്ങളുമാണ് കാലിക്കറ്റ് ഹീറോസിന് രണ്ട് സെറ്റുകൾ നേടി കൊടുക്കുന്നതിൽ നിർണായകമായത്. വികാസ് മാൻ, ശിവനേശൻ എന്നിവരും നിർണായക നിമിഷങ്ങളിൽ പോയിന്റുകൾ നേടി.
മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചിരുന്നെങ്കിൽ ഹീറോസിന് സെമി സാധ്യത നിലനിർത്താമായിരുന്നു. തോറ്റെങ്കിലും രണ്ട് സെറ്റുകൾ നേടിയതിനാൽ ഈ മത്സരത്തിലൂടെ സീസണിലെ ആദ്യ പോയിന്‍റ് നേടാൻ ഹീറോസിനായി. ഞായറാഴ്ച കൊച്ചി ബ്ലൂ സ്പൈക്കേഴ്സുമായാണ് കാലിക്കറ്റ് ഹീറോസിന്റെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

