ഒമ്പത് സ്വർണവുമായി ഓളപ്പരപ്പിൽ ചരിത്രമെഴുതി ആദർശ്
text_fieldsതിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിലെ ഓളപ്പരപ്പിൽ ചരിത്രമെഴുതി തിരുവനന്തപുരം സ്വദേശി എം. ആദർശ്. നീന്തലിൽ ഒമ്പത് സ്വർണമെഡലുകൾ നേടിയാണ് തിരുവല്ലം ലങ്കാനഗർ അമ്മവീട്ടിലെ ഈ 'മൈക്കൽ ഫെൽപ്സ്' ഗെയിംസിലെ താരമായി മാറിയത്. 50, 100, 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിലും 200, 400 മീറ്റർ വ്യക്തിഗത മെഡ്ലെയിലും 4x50 മിക്സഡ് റിലേ 4x100 മെഡ്ലെ റിലേ, 4x200 മീറ്റർ ഫ്രീ സ്റ്റൈൽ റിലേ, വാട്ടർ പോളോ എന്നിവയിലാണ് ആദർശിന്റെ മെഡൽ കൊയ്ത്ത്.
നീന്തലിലെ മെഡൽ നേട്ടത്തിലൂടെ കേന്ദ്ര സർക്കാർ, സർക്കാർ ജോലി ലഭിച്ചവരുടെ നാടാണ് തിരുവല്ലം. ഈ 'പാരമ്പര്യ'ത്തിൽ വിശ്വാസമർപ്പിച്ചാണ് ഏഴാം വയസ്സിൽ ആദർശിനെയും പെയിൻറിങ് തൊഴിലാളിയായ പിതാവ് മോഹനൻ പുഞ്ചക്കരിയിലെ ജ്യേത്സന നീന്തൽ ക്ലബിൽ എത്തിച്ചത്. ക്ലബിലെ പരിശീലകരായ ബിജുവും അരുണും ചേർന്ന് ഈ പൊന്നിൻ കുടത്തിനെ വെള്ളത്തിലിട്ട് മെരുക്കിയെടുത്തതോടെ നിരവധി മെഡലുകൾ അമ്മവീട്ടിലെ ഷോക്കേസിലേക്ക് എത്തി.
കഴിഞ്ഞ മാസം തൃശൂരിൽ നടന്ന സംസ്ഥാന സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണം ഈ 20കാരൻ നേടിയിരുന്നു. 2018ൽ പുണെയിൽ നടന്ന ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പൽ വെങ്കലവും 2019ൽ ഗുജറാത്തിലെ രാജ്കോട്ടിൽ നടന്ന ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയിരുന്നു. രാവിലെയും വൈകീട്ടും പരിശീലനത്തിന് സമയം കണ്ടെത്തുന്ന ആദർശിന് പൂർണ പിന്തുണയുമായി മാതാവ് പ്രമോദയുമുണ്ട് യൂനിവേഴ്സിറ്റി കോളജിലെ ഒന്നാം വർഷ ബി.എ ഹിസ്റ്ററി വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

