സംസ്ഥാന സ്കൂൾ കായികോത്സവം: വയനാട് നിന്നും ആദ്യ സംഘമെത്തി
text_fieldsതിരുവനന്തപുരം: 64-മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പങ്കെടുക്കാനുള്ള കുട്ടികളുടെ ആദ്യ സംഘമെത്തി. വയനാട് ജില്ലയിൽ നിന്നുള്ള സംഘമാണ് ആദ്യമെത്തിയത്. തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ.എ.എസ്, കായികോത്സവ സംഘാടക സമിതിയിലെ വിവിധ സബ് കമ്മിറ്റികളുടെ പ്രതിനിധികളും കുട്ടികളെ സ്വീകരിക്കാൻ എത്തിയിരുന്നു.
ഡിസംബർ 03 മുതൽ 06 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് സംസ്ഥാന സ്കൂൾ കായികോത്സവം നടക്കുന്നത്. നാലു വർഷത്തെ ഇടവേളക്ക് ശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന് ആതിഥ്യം അരുളുന്നത്.
കായികോത്സവത്തിൽ സബ് ജൂനിയർ ബോയ്‌സ് & ഗേൾസ്, ജൂനിയർ ബോയ്‌സ് & ഗേൾസ്, സീനിയർ ബോയ്‌സ് & ഗേൾസ് എന്നീ ആറ് കാറ്റഗറികളിലായി ആകെ 2737 മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ഇതിൽ 1443 ആൺകുട്ടികളും 1294 പെൺകുട്ടികളും ഉൾപ്പെടുന്നു. മുന്നൂറ്റി അമ്പതോളം ഒഫിഷ്യൽസും മേളയിൽ പങ്കെടുക്കും.
ഇന്ത്യയിൽ തന്നെ ആദ്യമായി സംസ്ഥാന സ്കൂൾ കായികോത്സവം പകലും രാത്രിയുമായി നടത്തുകയാണ്. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും പത്ത് ടീം ഇനങ്ങളും ഉൾപ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.