ദേശീയ ബേസ്ബാൾ: കേരളവും ഡൽഹിയും ജേതാക്കൾ
text_fieldsകൊല്ലം: 30ാമത് ദേശീയ ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ഹരിയാനയെ തകർത്ത് (16-0) ചാമ്പ്യന്മാരായി. ഡൽഹി മധ്യപ്രദേശിനെ (12-2) പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തെ (6-4) മറികടന്ന് ഡൽഹി കിരീടം നേടി. മധ്യപ്രദേശിനെ (9-3) പരാജയപ്പെടുത്തി മഹാരാഷ്ട്രക്കാണ് മൂന്നാം സ്ഥാനം.
സമാപന സമ്മേളനത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ എവറോളിങ് ട്രോഫിയാണ് വിജയികൾക്ക് സമ്മാനിച്ചത്. കേരള ബേസ്ബാൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജാജു ബാബു അധ്യക്ഷതവഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ ജോ. സെക്രട്ടറി ബിനീഷ് കോടിയേരി മുഖ്യാതിഥിയായി. ബേസ്ബാൾ അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം.എൻ. കൃഷ്ണമൂർത്തി, സെക്രട്ടറി ഹരീഷ് കുമാർ, സ്പോർട്സ് കൗൺസിൽ നോമിനി ഐ.പി. ബിനു, കേരള ബേസ്ബാൾ അസോസിയേഷൻ ഫൗണ്ടർ സെക്രട്ടറി ടി.എസ്. അരുൺ, മുൻ സെക്രട്ടറി ഷാഹുൽ ഹമീദ്, സെക്രട്ടറി ആനന്ദ്ലാൽ, ഓർഗനൈസിങ് കൺവീനർ ബി. നൗഫിൻ എന്നിവർ സംസാരിച്ചു.

