രാജ്യാന്തര ജിയുജിറ്റ്സു താരം ആത്മഹത്യ ചെയ്തു; ജോലി സമ്മർദമെന്ന് സഹോദരിയുടെ മൊഴി
text_fieldsരോഹിണി കലാം
ദേവാസ് (മധ്യപ്രദേശ്): രാജ്യാന്തര ജിയുജിറ്റ്സു താരവും പരിശീലകയുമായ രോഹിണി കലാം (35) ആത്മഹത്യ ചെയ്തു. മധ്യപ്രദേശ് ദേവാസ് രാധാഗഞ്ച് അർജുൻ നഗറിലെ കുടുംബ വസതിയിലാണ് താരം തുങ്ങി മരിച്ചത്. 2022ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ രോഹിണി പ്രതിനിധീകരിച്ചിരുന്നു.
വീട്ടിലെ മുറിയിൽ രോഹിണിയെ തൂങ്ങി മരിച്ച നിലയിൽ സഹോദരി റോഷ്നിയാണ് ആദ്യം കണ്ടത്. ഉടൻതന്നെ കുടുംബാംഗങ്ങൾ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സമയത്ത് രോഹിണിയുടെ മാതാവും പിതാവും മറ്റൊരു സഹോദരിയും ക്ഷേത്ര ദർശനത്തിന് പോയിരുന്നു. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അസ്തയിലെ സ്വകാര്യ സ്കൂളിൽ ആയോധനകല പരിശീലകയായിരുന്നു രോഹിണി. ശനിയാഴ്ചയാണ് രോഹിണി ദേവാസിലെ വസതിയിലെത്തിയത്. ഞായറാഴ്ച രാവിലെ ചായയും പ്രഭാതഭക്ഷണവും കഴിച്ച സഹോദരി ആരോടോ ഫോണിൽ സംസാരിച്ചു. തുടർന്ന് മുറിയിൽ പോവുകയും അകത്തുനിന്ന് വാതിൽ പൂട്ടുകയും ചെയ്തു.
ജോലി സമ്മർദം സഹോദരി നേരിട്ടിരുന്നതായി റോഷ്നി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. സ്കൂൾ ജോലിയിൽ സഹോദരിക്ക് ആശങ്കയുണ്ടായിരുന്നു. പ്രിൻസിപ്പലും അധ്യാപകരും ശല്യം ചെയ്തിരുന്നു. സഹോദരിയുടെ ഫോൺ സംസാരം ശ്രദ്ധിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ മനസിലായതെന്നും സഹോദരി പറഞ്ഞു.
അഞ്ച് സഹോദരിമാരിൽ മൂത്തമകളാണ് രോഹിണിയെന്നും പലപ്പോഴും മകൾ വിവാഹാലോചനകൾ നിരസിച്ചിരുന്നുവെന്നും മുൻ ബാങ്ക് ഉദ്യോഗസ്ഥനായ പിതാവ് പൊലീസിനോട് പറഞ്ഞു. ഐ.പി.എസ് ഓഫിസർ ആകാൻ മകൾ ആഗ്രഹിച്ചിരുന്നു. രണ്ട് വർഷമായി വിക്രം അവാർഡിനായി ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചില്ല. അഞ്ച് മാസം മുമ്പ് വയറ്റിലെ മുഴക്ക് ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും അതിന് ശേഷം സുഖമില്ലായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. കായികതാരം ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
2007ൽ കായിക ജീവിതം ആരംഭിച്ച രോഹിണി, 2015ലാണ് ജിയുജിറ്റ്സു മത്സരത്തിൽ പങ്കെടുക്കാൻ തുടങ്ങിയത്. ഹാങ്ഷൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ബെർഹിങ്ഹാമിൽ നടന്ന ലോക ഗെയിംസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക അത്ലറ്റിക്കായിരുന്നു രോഹിണി.
ബാങ്കോക്കിൽ നടന്ന തായ്‌ലൻഡ് ഓപൺ ഗ്രാൻഡ് പ്രിക്സ് 2022ൽ 48 കിലോഗ്രാം വിഭാഗത്തിൽ വെങ്കലവും 2024ൽ അബുദാബിയിൽ നടന്ന 8-ാമത് ഏഷ്യൻ ജിയുജിറ്റ്സു ചാമ്പ്യൻഷിപ്പ് ഡ്യുവോ ക്ലാസിക് ഇനത്തിൽ വെങ്കലവും നേടിയിട്ടുണ്ട്. ഏഷ്യൻ ജിയുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ നിരവധി തവണ മെഡലുകൾ നേടി. സൗദി അറേബ്യയിൽ നടന്ന കോംബാറ്റ് ഗെയിംസിലേക്കും രോഹിണി യോഗ്യത നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

