
കോവിഡിന് 'ഒളിമ്പിക്സ് വകഭേദം' ഉണ്ടാവുമെന്ന് മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടർമാർ
text_fieldsടോക്യോ: മഹാമാരിക്കാലത്ത് ടോക്യോ ഒളിമ്പിക്സ് നടത്തരുതെന്നും അത് പുതിയ വകഭേദത്തിന് കാരണമാകുമെന്നും മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന. 'ഒളിമ്പിക്സ് വകഭേദം' എന്ന് ആ വൈറസിന് പേരു വരുമെന്നും ജപ്പാൻ ഡോക്ടേഴ്സ് യൂനിയൻ ചെയർമാൻ ഡോ. നവോറ്റോ ഉയേമ മുന്നറിയിപ്പു നൽകുന്നു.
ടോക്യോ ഒളിമ്പിക്സിൽ വിദേശ കാണികൾക്ക് പ്രവേശനമില്ലെങ്കിലും നാട്ടുകാരുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. പക്ഷേ, 200ലധികം രാജ്യങ്ങളിൽനിന്ന് കായികതാരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുമായി വൻആൾക്കൂട്ടംതന്നെയെത്തുമ്പോൾ കോവിഡിൻെറ പുതിയ വകഭേദമുണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
'ഒളിമ്പിക്സ് വകഭേദം' എന്നാവും അതിന് പേര് വീഴുക. അതൊരു വലിയ ദുരന്തമായി മാറുകയും നൂറ്റാണ്ടു കഴിഞ്ഞാലും ആ പേരുദോഷം ജപ്പാനെ വിട്ടുപോകുകയില്ലെന്നും ഡോക്ടേഴ്സ് യൂനിയൻ പറയുന്നു.
