Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഇവിടെയിതാ...

ഇവിടെയിതാ ചതുരംഗത്തിനൊരു ഗുരുകുലം......

text_fields
bookmark_border
International Chess Training Centre
cancel
camera_alt

1.എം.സി മനോജ് 2.അന്താരാഷ്ട്ര ചെസ്സ് പരിശീലന കേന്ദ്രം

കോഴിക്കോട്: അധ്യാപനവൃത്തിയിൽ നിന്ന് വിരമിച്ചതിന് പിന്നാലെ ലോകനിലവാരമുള്ള ചതുരംഗ പാഠശാല എന്ന സ്വപ്നം സാക്ഷത്കരിച്ച് അന്താരാഷ്ട റേറ്റഡ് ചെസ് താരം എം.സി മനോജ്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അധ്യാപക ജീവിതത്തിൽ നിന്ന് 2023ലാണ് എം.സി മനോജ് എന്ന സുവോളജി അധ്യപകൻ വിരമിക്കുന്നത്. ഇനി ലോ​കോത്തര നിലവാരത്തിലുള്ള ചെസ്സ് അക്കാദമി സ്ഥാപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.

വീടിനോട്ചേർന്ന ഭൂമിയിൽ രണ്ട് വർഷം കൊണ്ട് അന്താരാഷ്ട്ര ചെസ്സ് പരിശീലന കേന്ദ്രം സ്ഥാപിച്ചിരിക്കയാണ് മനോജ്. കോവൂർ-വെള്ളിമാട്കുന്ന് റോഡിലാണ് പച്ചപ്പിൻ്റെ കുളിർമയിൽ ചതുരംഗത്തിന്റെ ആധുനിക പാഠശാല. ഇരുനൂറോളം പേർക്ക് ചെസ് പരിശീലനത്തിനും മറ്റു മത്സരങ്ങൾ നടത്താനും പറ്റിയ രീതിയിലാണ് അക്കാദമി സജ്ജീകരിച്ചിരിക്കുന്നത്. സർപ്പക്കാവുകളാലും കുളങ്ങളാലും വയലുകളാലും ചുറ്റപ്പെട്ട സ്ഥലത്താണ് ചെസ്സ് അക്കാദമി. കുട്ടികൾക്കും മുതിർന്നവർക്കും പൂർണ്ണ ശ്രദ്ധയോടെ ഇവിടെ പഠനത്തിന് സൗകര്യമൊരുക്കിയതായി എം.സി. മനോജ് പറഞ്ഞു.

ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗത്താലും മറ്റും മാനസികാരോഗ്യം നഷ്ടപ്പെടുന്ന പുതുതലമുറയെ കുറിച്ച് രക്ഷിതാക്കൾക്ക് വേവലാതിപ്പെടുന്ന ഈ കാലത്ത് കുട്ടികൾക്ക് ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും തിരിച്ചു കൊണ്ടുവരുവാൻ കളികളിലൂടെ മാത്രമേ കഴിയൂ എന്ന തിരിച്ചറിവിൽ പല യൂറോപ്യൻ രാജ്യങ്ങളിലും ​‘പ്ലേ ​ഗ്രൗണ്ട് റവല്യൂഷൻ’ നടന്നുകൊണ്ടിരിക്കയാണ്.

കൃത്യമായ സമയത്ത് ശരിയായ തീരുമാനമെടുക്കാൻ കുട്ടികൾ പരിശീലിക്കേണ്ടതുണ്ട്. ബുദ്ധിപരമായ വ്യായാമം എന്നതിനപ്പുറം ചെസ്സ് പഠനം നൽകുന്ന മറ്റനേകം ഗുണങ്ങൾ തിരിച്ചറിഞ്ഞ് പല രാഷ്ട്രങ്ങളിലും ചെസ്സ് സ്കൂൾ കരിക്കുലത്തിൻ്റെ ഭാഗമാണ്. നമുക്കും ആ രീതി പിന്തുടരാവുന്നതാണ്. മുൻ സംസ്ഥാന യൂത്ത്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെസ് ചാമ്പ്യനും അന്താരാഷ്ട റേറ്റഡ് ചെസ്സ് താരവുമായ എം.സി.മനോജ് പറഞ്ഞു.

ഇന്ത്യയും അസൂയാവഹമായ നേട്ടങ്ങളാണ് ചെസ്സ് രംഗത്ത് കൈവരിച്ചുകൊണ്ടിരിക്കുന്നത്.തുടർച്ചയായി ലഭിക്കുന്ന ലോക ചെസ്സ് കിരീടങ്ങൾ പുതുതലമുറയിൽ ആവേശമുയർത്തുന്നു. മുതിർന്നവരിൽ വരുന്ന ഓർമ്മക്കുറവിനും (ഡിമൻഷ്യ ) ചെസ്സ് പഠനം കൊണ്ട് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും.

വ്യത്യസ്തമായ രീതിയിൽ നിർമ്മാണം പൂർത്തിയാക്കിയ ‘സോയിൽ സ്റ്റോറീസ്’ എന്ന് പേര് കൊടുത്തിട്ടുള്ള ഒരു സെമി ഓപൺ ഇവന്റ് സ്​പേസ് കൂടി​ച്ചേർന്നതാണ് ഈ ചതുരംഗപാഠശാല. ലോക താരങ്ങളെ ഇവിടെ എത്തിക്കലും ശ്രദ്ധേയാമയ ടൂർണമെന്റുകൾ സംഘടിപ്പിക്കലും മനോജിന്റെ സ്വപ്നമാണ്. അതിനനുസൃതമായ രീതിയിലാണ് അക്കാദമിയുടെ രൂപകൽപന. 32 വർഷത്തെ ഹയർ സെക്കണ്ടറി സേവനത്തിനു ശേഷം ജെ.ഡി.റ്റി.വൊക്കേഷനൽ ഹയർ സെക്കണ്ടറിയിൽ നിന്നു വിരമിച്ച മനോജ് മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവാണ്.

മോട്ടിവേഷനൽ സ്പീക്കർ കൂടിയായ ഈ ചെസ് താരം ഇനി ചതുരംഗാധ്യാപകനായി പുതിയ തലമുറക്ക് ചെസ്സ് പഠിപ്പിക്കും. ആഗസ്റ്റ് 31 ന് വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ് അക്കാദമി ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാവും. ഇന്റർ നാഷനൽ മാസ്റ്റർ കെ.രത്നാകരൻ അടക്കം നിരവധി അന്താരാഷ്ട്ര റേറ്റഡ് ചെസ്സ് താരങ്ങളും സംബന്ധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chesschess training courseSports NewsKerala News
News Summary - International Chess Training Center established by Chess player MC Manoj
Next Story