റൂർകിയിലെ ഓട്ടോഡ്രൈവറുടെ മകൾ ഇനി ഇടിക്കൂട്ടിലെ പൊൻ താരം; ലോകചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് മീനാക്ഷി
text_fieldsമീനാക്ഷി ഹൂഡ
ലിവർപൂൾ: ഇംഗ്ലണ്ടിലെ ലിവർപൂളിൽ നടക്കുന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. അവസാന ദിനത്തിൽ വനിതാ വിഭാഗം 48 കിലോ വിഭാഗത്തിലാണ് ഇന്ത്യയുടെ മീനാക്ഷി ഹൂഡ സ്വർണമണിഞ്ഞത്.
ഫൈനലിൽ കസാഖിസ്താന്റെ നാസിം കിസൈബിയെ ഇടിച്ചു വീഴ്ത്തിയാണ് 24കാരിയായ മീനാക്ഷി രാജ്യത്തിനായി രണ്ടാം സ്വർണം മാറിലണിഞ്ഞത്. കഴിഞ്ഞ ജൂൺ-ജൂലായിൽ അസ്താനയിൽ നടന്ന ലോകകപ്പ് ഫൈനലിന്റെ റീമാച്ചായി മാറിയ മത്സരത്തിൽ 4-1നായിരുന്നു മീനാക്ഷി സ്വർണം നേടിയത്. റൂർകിയിലെ ഓട്ടോറിക്ഷ ഡ്രൈവറുടെ മകളായി പിറന്ന്, ഇടിക്കൂട്ടിൽ വിജയച്ചുവടുകളിലേക്ക് മുന്നേറിയാണ് 24കാരി ലോകചാമ്പ്യൻഷിപ്പിലും രാജ്യത്തിന്റെ അഭിമാനമായി മാറിയത്.
ക്വാർട്ടർഫൈനലിൽ ഇംഗ്ലണ്ടിന്റെ അലിസ് പംഫെറിയെയും, സെമിയിൽ മംഗോളിയയുടെ ലുറ്റ്സൈഖനിയെയും തോൽപിച്ചാണ് ഫൈനലിൽ ഇടം പിടിച്ചത്. പാരീസ് ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് കൂടിയായ നാസിം സൈബെക്ക് അവസരം പോലും നൽകാതെ മീനാക്ഷി സ്വർണം ഇടിച്ചെടുത്തു. മുൻ ഏഷ്യൻ ചാമ്പ്യൻഷിപ്പ്, വേൾഡ് കപ്പ് വെള്ളി മെഡൽ ജേതാവാണ് മീനാക്ഷി. ശനിയാഴ്ച ഇന്ത്യയുടെ മറ്റൊരു വനിതാ താരം ജാസ്മിൻ ലംബോറിയ 57 കിലോ വിഭാഗത്തിൽ സ്വർണം നേടിയിരുന്നു.
പാരീസ് ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവ് പോളണ്ടിന്റെ ജൂലിയ സെറെമെറ്റയെ ഫൈനലിൽ ഇടിച്ചിട്ടായിരുന്നു സ്വർണ നേട്ടം. 2022 കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമെഡൽ നേടിയ താരമാണ് ഹരിയാനക്കാരിയായ ജാസ്മിൻ . 2024 പാരിസ് ഒളിമ്പിക്സിൽ നിരാശപ്പെടുത്തിയെങ്കിലും 2025 ലിവർപൂളിൽ മലയാളിയായ കോച്ച് ഡി.ചന്ദ്രലാലിന്റെ കീഴിലെ പരിശീലനത്തിൽ താരം സ്വർണം നേടുകയായിരുന്നു.
80 പ്ലസ് വിഭാഗത്തിൽ നുപുർ ഷിയോറൻ വെള്ളിയും, 80 കിലോയിൽ പൂജ റാണി വെങ്കലവും നേടി. ആറു തവണ ലോകചാമ്പ്യൻഷിപ്പ് സ്വർണം നേടിയ ഇതിഹാസ താരം മേരികോം, രണ്ടു തവണ സ്വർണം നേടിയ നികാത് സരീൻ, ഓരോ തവണ പൊന്നണിഞ്ഞ സരിത ദേവി, ജെന്നി ആർ.എൽ, ലേഖ കെ.സി, നിതു ഗംഗ, ലോവ്‍ലിന ബോർഗയ്ൻ, സവിതീ ബോറ എന്നിവർക്കു ശേഷം രാജ്യത്തിനായി ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്നവരായി മീനാക്ഷിയും ജാസ്മിനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

