ആദ്യ ആറിൽ മൂന്നുപേർ; ജാവലിൻ ത്രോ ഫൈനലിൽ ഒരു രാജ്യത്തിന്റെ ഏറ്റവും മികച്ച നേട്ടം ഇനി ഇന്ത്യയുടേത്
text_fieldsഇന്ത്യൻ അത്ലറ്റിക്സ് ടീം അംഗങ്ങൾക്കൊപ്പം അഞ്ജു ബോബി ജോർജ് ബുഡപെസ്റ്റിൽ
ബുഡപെസ്റ്റ് (ഹംഗറി): ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര നൽകിയ പ്രചോദനം ജാവലിൻ ത്രോയിൽ സൃഷ്ടിക്കുന്നത് വിപ്ലവം. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജ് നേടിയ സ്വർണം മാത്രമല്ല, പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ആകെ പ്രകടനവും ചരിത്രമായി. ഇതുവരെ ഒരു രാജ്യത്തെയും മൂന്നു താരങ്ങൾ ഒരുമിച്ച് ജാവലിൻ ത്രോ ഫൈനലിലെ ആദ്യ ആറിൽ ഉൾപ്പെട്ടിട്ടില്ല. ഹരിയാനക്കാരനായ നീരജിന്റെ സ്വർണത്തിനു പുറമെ കിഷോർ ജെന അഞ്ചാമതും ഡി.പി. മനു ആറാമതുമെത്തിയാണ് അഭിമാനമായത്. ഇന്ത്യയെ സംബന്ധിച്ച് ലോക ചാമ്പ്യൻഷിപ്പിലെ ഏത് ഇനങ്ങൾ എടുത്താലും ഫൈനലിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ആദ്യ ആറിലെ പകുതി പേരും ഇന്ത്യക്കാർ. ജെനയും മനുവും ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതുപോലും ഇതാദ്യം.
കഴിഞ്ഞ വർഷം യൂജിനിൽ വെള്ളി നേടിയ നീരജ് സ്വർണത്തിലേക്കുയർന്നത് 88.17 മീറ്റർ എറിഞ്ഞ്. പാകിസ്താന്റെ അർഷദ് നദീമിനാണ് (87.82) വെള്ളി. ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് ചെക് റിപ്പബ്ലിക്കിന്റെ ജാകൂബ് വാദ് ലെജ് (86.67) വെങ്കലവും നേടി. ഒഡിഷക്കാരൻ ജെന (84.77) അഞ്ചും ചെന്നൈ സ്വദേശി മനു (84.14) ആറും സ്ഥാനത്തും. യു.എസ് നയിക്കുന്ന മെഡൽപട്ടികയിൽ 18ാമതാണ് ഇന്ത്യ.
ഫൗളിൽ തുടങ്ങി സ്വർണത്തിൽ
ഫൈനലിലെ ആദ്യ റൗണ്ടിൽ നാലാമതായാണ് നീരജ് എറിഞ്ഞത്. പക്ഷേ, ഫൗളായി. മനു 78.44ഉം ജെന 75.70ഉം ദൂരവും സ്വന്തമാക്കി. ആദ്യ റൗണ്ടിലെ ഏക ഫൗളുകാരൻ നീരജായിരുന്നു. ഫിൻലൻഡിന്റെ ഒലിവർ ഹെലാൻഡർ ലീഡ് ചെയ്യവെ (83.38 മീറ്റർ) രണ്ടാം റൗണ്ടിൽ നീരജിന്റെ 88.17. ഒറ്റയടിക്ക് ഒന്നാം സ്ഥാനത്ത്. മനുവിന്റെ രണ്ടാം ശ്രമം ഫൗളായിരുന്നു. ജെന 82.82ലേക്ക് കയറി അഞ്ചാം സ്ഥാനത്തായി. മൂന്നാം റൗണ്ടിൽ നീരജ് എറിഞ്ഞത് 86.32 മീറ്റർ. വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെട്ട പാകിസ്താൻ താരം അർഷദ് നദീമിന്റെ ആദ്യ രണ്ട് റൗണ്ടിലെ പ്രകടനം 74.80, 82.81 എന്നിങ്ങനെയായിരുന്നെങ്കിൽ മൂന്നാം ശ്രമത്തിൽ 87.82 മീറ്ററുമായി രണ്ടാം സ്ഥാനത്ത്. ജെനയുടെയും ഹെർമന്റെയും മൂന്നാം റൗണ്ട് ത്രോ ഫൗളായി. മൂന്ന് ഇന്ത്യൻ താരങ്ങളും അവസാന എട്ടുകാരുടെ റൗണ്ടിൽ.
80.19 മീറ്ററിൽ ജെന ഏഴാം സ്ഥാനത്ത് തുടർന്നു. മനുവിന്റെ നാലാം ത്രോ ഫൗളായി. നദീം 87.15ൽ രണ്ടാം സ്ഥാനം നിലനിർത്തി. നാലാം റൗണ്ടിൽ നീരജ് 84.64ഉം. അഞ്ചാം റൗണ്ടിൽ 84.77 എറിഞ്ഞ് ഇന്ത്യയുടെ ജെന നാലാം സ്ഥാനത്തേക്ക് കയറി. 83.48 മീറ്ററായിരുന്നു മനുവിന്റെ പ്രകടനം. 86.67ലേക്ക് കുതിച്ച വാദ് ലെജ് മെഡൽ പൊസിഷനിലെത്തി. 87.73 ആണ് നീരജ് കുറിച്ചത്. അവസാന റൗണ്ടിൽ 83.98 മീറ്ററോടെ നീരജ് അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

