അണ്ടർ 20 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; ഹൈജംപിൽ ബസന്തിന് വെള്ളി; ലോങ് ജംപിൽ ഷാനവാസിന് വെങ്കലം
text_fieldsയൂജീൻ (യു.എസ്): അണ്ടർ 20 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ താരങ്ങൾ. ഇതാദ്യമായി ഹൈജംപിൽ ഇന്ത്യക്ക് മെഡൽ ലഭിച്ചു. ബസന്ത് കുമാർ മെഘ്വാളാണ് വെള്ളി നേടി ചരിത്രം കുറിച്ചത്. ലോങ് ജംപിൽ ഷാനവാസ് ഖാൻ വെങ്കലവും സ്വന്തമാക്കി. ഇതോടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി. കഴിഞ്ഞ ദിവസം ജാവലിൻ ത്രോയിൽ ആഷിഷ് യാദവ് വെള്ളി കരസ്ഥമാക്കിയിരുന്നു. 2021ലും ’22ലുമാണ് ഇതിന് മുമ്പ് മൂന്ന് മെഡൽ കരസ്ഥമാക്കി മികവ് കാട്ടിയത്. വനിത 4x400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം ഫൈനലിലെത്തിയിട്ടുണ്ട്.
2.21 മീറ്ററിൽ വസന്തം
പുരുഷ ഹൈജംപ് ഫൈനലിൽ 2.21 മീറ്റർ ചാടിയാണ് രണ്ടാംസ്ഥാനക്കാരനായത്. സ്വർണം നേടിയ അൽജീരിയയുടെ യൂനുസ് അയാചിയും വെങ്കല ജേതാവ് ബ്രിട്ടന്റെ ഓട്ടിസ് പൂളും 2.21 മീറ്റർ ഉയരം തന്നെയാണ് ക്ലിയർ ചെയ്തത്. മൂവരും 2.24 മീറ്ററിൽ മുട്ടുമടക്കി. 2.21 മീറ്റർ കീഴടക്കാനെടുത്ത ശ്രമങ്ങൾ നോക്കിയാണ് മെഡൽ ജേതാക്കളെ നിശ്ചയിച്ചത്. അയാച്ചി ഒന്നാമത്തെയും ബസന്ത് രണ്ടാമത്തെയും പൂൾ മൂന്നാമത്തെയും ചാട്ടത്തിൽ ക്ലിയർ ചെയ്തു. രാജസ്ഥാൻകാരനായ ബസന്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഉയരമാണ് 2.21 മീറ്റർ. വനിത ഹൈജംപ് ദേശീയ റെക്കോഡുകാരി സഹനകുമാരിക്ക് കീഴിലാണ് 19കാരന്റെ പരിശീലനം. നിലവിൽ അണ്ടർ 20 ഏഷ്യൻ ചാമ്പ്യനാണ്.
വെങ്കലച്ചാട്ടം
രാജ്യത്തെ വളർന്നുവരുന്ന ലോങ് ജംപ് താരമായ ഷാനവാസ് 7.84 മീറ്റർ ചാടി വെങ്കലമണിഞ്ഞു. ഫൈനലിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യക്കാരൻ ജിതിൻ അർജുനൻ (7.59 മീ.) എട്ടാമതായി. ഇറ്റലിയുടെ ഡാനിയേൽ ഇൻസോലിക്കാണ് (7.97) സ്വർണം. ആസ്ട്രേലിയയുടെ മാസൺ മക്ഗ്രോഡർ (7.96) വെള്ളിയും ചാടിയെടുത്തു. 7.67, 7.72, 7.84, 7.52, 7.83, 5.37 എന്നിങ്ങനെയായിരുന്നു ഉത്തർപ്രദേശ് സ്വദേശിയായ ഷാനവാസിന്റെ ഫൈനലിലെ പ്രകടനം. നിലവിൽ അണ്ടർ 20 ദേശീയ റെക്കോഡ് ജേതാവും അണ്ടർ 20 ഏഷ്യൻ ചാമ്പ്യനുമാണ് 18കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

