പൊന്നിൽ മിന്നി ശ്രീ; 400 മീറ്റർ ഹർഡിൽസിൽ ജി.വി. രാജയുടെ തേരോട്ടം
text_fieldsജൂനിയർ ബോയ്സ് 400 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരം ജി.വി. രാജയിലെ ശ്രീഹരി കരിക്കൻ റെക്കാർഡോടെ സ്വർണത്തിലേക്ക്
തിരുവനന്തപുരം: ഹർഡിൽസ് കളത്തിൽ രാജവാഴ്ചയുമായി തിരുവനന്തപുരം ജി.വി.രാജയുടെ തേരോട്ടം. 400 മീറ്റർ ഹർഡിൽസ് പോരിൽ നാലിൽ മൂന്ന് സ്വർണവും ഒരു വെങ്കലവും സ്വന്തമാക്കി ജി.വി.രാജയുടെ കുട്ടിപ്രതിഭകൾ ട്രാക്ക് അടക്കിവാണു. ആ വാഴ്ചയിൽ പുതിയൊരു മീറ്റ് റെക്കോഡും പിറന്നു. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ജി.വി. രാജയുടെ ശ്രീഹരി കരിക്കൻ ആണ് റെക്കോഡ് കുതിപ്പുനടത്തിയത്. സീനിയർ ബോയ്സിൽ മുഹമ്മദ് മൂസ, ജൂനിയർ ഗേൾസിൽ കെ.വി.ശ്രീനന്ദ എന്നിവരാണ് സ്വർണം നേടിയ മറ്റ് രണ്ട് ജി.വി.രാജക്കാർ.
കെ.വി.ശ്രീനന്ദ (ജൂനിയർ ഗേൾസ്), മുഹമ്മദ് മൂസ (സീനിയർ ബോയ്സ്), വിഷ്ണുശ്രീ (സീനിയർ ഗേൾസ്)
പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസ്.എസിന്‍റെ എൻ.എസ്. വിഷ്ണുശ്രീയാണ് സീനിയർ ഗേൾസിൽ സ്വർണജേത്രി. ജൂനിയറിൽ കഴിഞ്ഞ വർഷം നേടിയ വെള്ളി, സീനിയർ ബോയ്സിൽ സ്വർണമാക്കി മാറ്റിയാണ് ജി.വി.രാജയുടെ മുഹമ്മദ് മൂസ കുതിച്ചത്. 53.38 സെക്കൻഡിലാണ് പ്ലസ് ടു വിദ്യാർഥിയുടെ ഫിനിഷ്. പാലക്കാട് കരിമ്പുഴ മുറിച്ചിറ കൂട്ടിലക്കടവിൽ അബ്ദുൽ റഷീദ്-സുനീറ ദമ്പതികളുടെ മകനാണ്. ജൂനിയർ ഗേൾസിൽ കെ.വി.ശ്രീനന്ദ ഒരു മിനിറ്റ് 5.66 സെക്കൻഡിലാണ് സ്വർണത്തിലേക്ക് കുതിച്ചെത്തിയത്.
കണ്ണൂർ ചട്ടുകപ്പാറ മയ്യിൽ കിഴക്കേവീട്ടിൽ കൃഷ്ണൻ-ഉഷ ദമ്പതികളുടെ മകളാണ്. ഇതേ വിഭാഗത്തിൽ തിരുവനന്തപുരം ജി.വി.രാജയുടെ തന്നെ പി.പി. ശിഖ വെങ്കലം നേടി. തുടർച്ചയായ രണ്ടാം വർഷവും സ്വർണത്തിലേക്ക് പാലക്കാടിന്‍റെ എൻ.എസ്. വിഷ്ണുശ്രീ പറന്നെത്തി. സീനിയർ ഗേൾസിൽ ഒരു മിനിറ്റ് 4.26 സെക്കൻഡ് സമയത്തിൽ ഫിനിഷ് ലൈൻ കീഴടക്കിയപ്പോൾ, 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടാനാകാതെ പോയ വിഷമവും ദൂരെമറഞ്ഞു. ഷൊർണൂർ കുന്നത്താഴത്ത് നടക്കാവിൽ സെൽവരാജ്-പ്രമീള ദമ്പതികളുടെ മകളാണ്.
റെക്കോഡ് ശ്രീഹരി
‘ലേറ്റാ വന്താലും ലേറ്റസ്റ്റ്’-അതാണ് ശ്രീഹരിയുടെ ട്രാക്ക് പോളിസി. ആറാം ക്ലാസ് മുതൽ ജി.വി.രാജയിൽ ഹർഡിൽസ് കീഴടക്കാൻ വിയർപ്പൊഴുക്കിയിട്ടും സംസ്ഥാനത്തൊരു സ്വർണം മാത്രം അകന്നുനിന്നതിന്‍റെ വേദന ഒടുവിൽ റെക്കോഡുമായി ദചിരിക്കുമ്പോൾ ആ പോളിസി മുറുകെ പിടിക്കുന്നുണ്ട് മിടുക്കൻ. 110 മീറ്റർ ഹർഡിൽസിൽ ഏഴാം സ്ഥാനവുമായി നിരാശനായി ട്രാക്ക് വിട്ടെങ്കിലും മനസ് കൈവിട്ടില്ല.
400 മീറ്റർ ഹർഡ്ൽസിൽ 54.14 സെക്കൻഡിലാണ് കുട്ടിത്താരം ലക്ഷ്യത്തിലേക്ക് കുതിച്ചെത്തിയത്. 2018ൽ എ. രോഹിത് സ്ഥാപിച്ച 54.25 സെക്കൻഡ് ആണ് പഴങ്കഥയായത്. ഓട്ടത്തിനോടുള്ള ഇഷ്ടം ആറാം ക്ലാസിലാണ് കണ്ണൂരുകാരൻ ശ്രീഹരിയെ തിരുവനന്തപുരത്ത് എത്തിച്ചത്. കണ്ണൂർ മാറ്റങ്ങിൽ എം.കെ. ഹൗസിൽ വിജു കരിക്കൻ-ഷോഹിത ദമ്പതികളുടെ മകനാണ് പത്താം ക്ലാസുകാരനായ ശ്രീഹരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

