ഗുകേഷിന്റെ നേട്ടം ടൊറന്റോയിലെ ഇന്ത്യൻ ഭൂകമ്പം -കാസ്പറോവ്
text_fieldsമോസ്കോ: ആഗോളതലത്തിൽ ചെസ് മറ്റൊരു ഭൂമികയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിന്റെ പര്യവസാനമാണ് കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഡി. ഗുകേഷ് ജേതാവായതിലൂടെ സംഭവിച്ചതെന്ന് റഷ്യൻ ഇതിഹാസം ഗാരി കാസ്പറോവ്.
ചെസിൽ നഷ്ടമായ റഷ്യൻ പ്രതാപത്തെ സൂചിപ്പിച്ചായിരുന്നു സമൂഹമാധ്യമങ്ങളിൽ കാസ്പറോവിന്റെ അഭിപ്രായപ്രകടനം. ഗുകേഷിനെ അഭിനന്ദിക്കുന്ന പോസ്റ്റിൽ 17കാരന്റെ ജയത്തെ ‘ടൊറന്റോയിലെ ഇന്ത്യൻ ഭൂകമ്പം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
14 റൗണ്ടുകളടങ്ങിയ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഗുകേഷ് നേടിയത് ഒമ്പത് പോയന്റാണ്. അവസാന റൗണ്ടിൽ യു.എസിന്റെ ഹികാരു നമാകുറക്കെതിരായ സമനിലയും കിരീട പ്രതീക്ഷയോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇയാൻ നെപോംനിയഷിയെ ഫാബിയോ കരുവാന തളച്ചതുമാണ് ഇന്ത്യൻ കൗമാരതാരത്തിന് തുണയായത്.

