ഫ്രഞ്ച് ഓപണിൽ നാല് പതിറ്റാണ്ടിന് ശേഷം ചെക്ക് വിപ്ലവം; കിരീടത്തിൽ മുത്തമിട്ട് ബർബോറ ക്രെച്ചിക്കോവ
text_fieldsപാരിസ്: ഫ്രഞ്ച് ഓപൺ വനിത സിംഗിൾസ് കിരീടം ചെക്ക് റിപ്പബ്ലിക്ക് താരം ബർബോറ ക്രെച്ചിക്കോവക്ക്. ഫൈനലിൽ റഷ്യയുടെ അനസ്തസിയ പവ്ലിയുചെങ്കോവയെ തോൽപ്പിച്ചാണ് ക്രെച്ചിക്കോവ ചരിത്രനേട്ടം കൈവരിച്ചത്. സ്കോർ: 6-1, 2-6, 6-4. ചെക്ക് താരത്തിന്‍റെ ആദ്യ ഗ്രാൻസ്ലാം സിംഗിൾസ് കിരീടനേട്ടമാണിത്. 40 വർഷത്തിന് ശേഷം റോളണ്ട് ഗാരോസിൽ കിരീടം നേടുന്ന ചെക്ക് വനിത താരം എന്ന ചരിത്രനേട്ടവും ക്രെച്ചിക്കോവയ്ക്ക് സ്വന്തമായി. ഇതിന് മുമ്പ് 1981ൽ ഹന മന്ദ്ലിക്കോവയാണ് ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടിയ ചെക്ക് വനിത താരം. അന്ന് ചെക്കോസ്ലോവാക്യയെയാണ് ഹന പ്രതിനിധീകരിച്ചത്.
തന്‍റെ കിരീട നേട്ടം മുൻ വിംബിൾഡൺ ജേതാവ് യാന നവോത്നക്ക് സമർപ്പിക്കുന്നതായി ലോക 33ാം നമ്പർ താരം ക്രെച്ചിക്കോവ പറഞ്ഞു. നാല് വർഷം മുമ്പ് 49ാം വയസ്സിൽ കാൻസർ ബാധിച്ച് മരിച്ച യാനക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളും ക്രെച്ചിക്കോവ ഓർത്തെടുത്തു. 'ടെന്നീസ് ആസ്വദിക്കൂ, ഗ്ലാൻസ്ലാം നേടൂ' എന്നായിരുന്നു യാന അവസാനമായി തന്നോട് പറഞ്ഞതെന്നും അവരുടെ അനുഗ്രഹം എപ്പോഴും തന്‍റെ കൂടെയുണ്ടെന്നും 25കാരിയായ ക്രെച്ചിക്കോവ പറഞ്ഞു.
ക്രെച്ചിക്കോവയും പവ്ലിയുചെങ്കോവയും തമ്മിൽ മികച്ച പോരാട്ടമാണ് നടന്നത്. ആദ്യ സെറ്റ് ക്രെച്ചിക്കോവ അനായാസം നേടി. എന്നാൽ രണ്ടാം സെറ്റിൽ റഷ്യൻ താരം തിരിച്ചടിച്ചു. നിർണായകമായ മൂന്നാം സെറ്റിൽ പവ്ലിയുചെങ്കോവയെ തോൽപ്പിക്കാൻ ചെക്ക് താരത്തിനായി.