ആദ്യം ഗുരീന്ദർവീർ, പിറകെ ആനിമേഷ്; 100 മീറ്ററിൽ അഞ്ചു മിനിറ്റിനിടെ രണ്ടു റെക്കോഡ്
text_fieldsആനിമേഷ് കുജൂറും ഗുരീന്ദർവീർ സിങ്ങും
റാഞ്ചി: 100 മീറ്ററിലെ ദേശീയ റെക്കോഡ് മിനിറ്റുകളുടെ അകലത്തിൽ രണ്ടുവട്ടം വീണ് ഫെഡറേഷൻ കപ്പ് അത്‍ലറ്റിക്സ് വേദി. രണ്ടു ഹീറ്റുകളിലായി മത്സരിച്ചപ്പോഴാണ് ഇരുവരും പുതുചരിത്രം കുറിച്ചത്. ആദ്യ ഹീറ്റിൽ ഓടിയ ഗുരീന്ദർവീർ സിങ് നിലവിൽ ആനിമേഷ് കുജൂറിന്റെ പേരിലായിരുന്ന 10.18 സെക്കൻഡിന്റെ റെക്കോഡ് 10.17 സെക്കൻഡിൽ ഓടിപ്പിടിച്ച് തന്റെ പേരിലാക്കി. അഞ്ചു മിനിറ്റിനിടെ അടുത്ത ഹീറ്റിൽ ഓടിയ ആനിമേഷ് 10.15 സെക്കൻഡിൽ ഓടിയെടുത്ത് തിരിച്ചുപിടിച്ചു.
ഇതോടെ, 10.16 സെക്കൻഡ് എന്ന കടമ്പ പിന്നിട്ട ആനിമേഷ് കോമൺവെൽത്ത് ഗെയിംസ് യോഗ്യത ഉറപ്പാക്കി. ഗുരീന്ദർവീർ 0.01 സെക്കൻഡിനാണ് പിറകിലായത്. ഇരുവരും ഇന്ന് റാഞ്ചി മൈതാനത്ത് ഫൈനലിൽ മുഖാമുഖം നിൽക്കുമ്പോൾ ഒരിക്കലൂടെ റെക്കോഡ് കടപുഴകുമോയെന്നാണ് കായിക ഇന്ത്യ ഉറ്റുനോക്കുന്നത്. ഏറെയായി ഇരുവരും തമ്മിലാണ് 100 മീറ്ററിലെ റെക്കോഡ് തേടിയുള്ള പോര്. 2025 ആരംഭത്തിൽ ബംഗളൂരു ഇന്ത്യൻ ഗ്രാൻഡ് പ്രീയിൽ 10.20 സെക്കൻഡിന് ഗുരീന്ദർ ഓടിപ്പിടിച്ച റെക്കോഡ് പിന്നീട് ഒന്നിലേറെ തവണ മാറിമറിഞ്ഞു. ഫെഡറേഷൻ കപ്പിൽ ലോങ് ജംപിൽ 6.75 മീറ്റർ ചാടി ആൻസി സോജൻ മികവുകാട്ടിയതും ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

