ആവേശമായി പ്രഗ്നാനന്ദ-നിഹാൽ സരിൻ പോരാട്ടം; പ്രഗ്നാനന്ദക്ക് ജയം
text_fieldsതിരുവനന്തപുരം: സ്പോർട്സ് യുവജനകാര്യ വകുപ്പും സ്പോർട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ ചെ രാജ്യാന്തര ചെസ് ഫെസ്റ്റിവലിന്റെ അവസാന ദിവസം നടന്ന ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ ലോക രണ്ടാം നമ്പർ താരം ആർ. പ്രഗ്നാനന്ദക്ക് വിജയം. കേരളത്തിന്റെ ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിനെ 10 റൗണ്ട് ബ്ലിറ്റ്സ് മത്സരത്തിൽ 7.5 പോയന്റ് നേടിയാണ് പരാജയപ്പെടുത്തിയത്. നിഹാൽ 2.5 പോയന്റ് നേടി. മത്സരം വിവിധ രാജ്യങ്ങളിൽ ലൈവ് സ്ട്രീം ചെയ്തു. ഒരേസമയം ഏകദേശം 20,000 ത്തോളം പേർ ലൈവ് ആയി കളി കണ്ടു. ഇന്ത്യയിലെതന്നെ മികച്ച ഗ്രാൻഡ് മാസ്റ്റർമാരായ ഇരുവരും ഇതാദ്യമായാണ് ഏറ്റുമുട്ടുന്നത്.
ഇരുവരും ആദ്യ റൗണ്ടിൽ മികച്ച കളിയാണ് പുറത്തെടുത്തത്. ആദ്യ റൗണ്ടിൽ പ്രഗ്നാനന്ദ നിഹാലിന്റെ ചെറിയ പിഴവിലൂടെ മികച്ച ജയം സ്വന്തമാക്കി. രണ്ടാം റൗണ്ടിൽ കളി മെച്ചപ്പെടുത്തിയ നിഹാൽ ജയവും നേടി. മൂന്നും നാലും റൗണ്ടുകളിൽ പ്രഗ്യാനന്ദ മുന്നേറിയപ്പോൾ അഞ്ചാം റൗണ്ടിൽ നിഹാൽ ജയിച്ചു. ആറാം റൗണ്ട് സമനിലയിൽ പിരിഞ്ഞു. അടുത്ത മൂന്ന് റൗണ്ടുകളിലും പ്രഗ്നാനന്ദ ജയിച്ചു. നാലാമത്തെയും ഒമ്പതാമത്തെയും റൗണ്ടുകളിൽ 80 നീക്കങ്ങൾ പിറന്നു.
മത്സരം മികച്ചതായിരുന്നെന്നും ചില റൗണ്ടുകളിലെ പിഴവ് മുതലെടുക്കാൻ സാധിച്ചെന്നും പ്രഗ്നാനന്ദ പറഞ്ഞു. നിഹാലിനെ പോലുള്ള വളരെ സമർഥരായ കളിക്കാരുമായി കളിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പ്രഗ്യാനന്ദയൊത്തുള്ള കളി പുതിയൊരനുഭവമാണെന്നും വളരെ സന്തോഷമുണ്ടെന്നും പ്രഗ്നാനന്ദ പറഞ്ഞു. കേരളത്തിലെ ചെസ് താരങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ് ചെ രാജ്യാന്തര ചെസ് ഫെസ്റ്റിവലെന്ന് നിഹാൽ പറഞ്ഞു. ഉച്ചക്കു ശേഷം ഇരുവരും വിവിധ ജില്ലകളിലെ ചെസ് മത്സരങ്ങളിൽ വിജയികളായ 16 വീതം കുട്ടികൾക്കൊപ്പം ക്ലാസിക് മത്സരങ്ങൾ കളിച്ചു.
അഞ്ചു ദിവസമായി നടന്ന ചെ ചെസ് ഫെസ്റ്റിവൽ കേരളത്തിലെ ചെസ് കളിക്കാർക്കും പ്രേമികൾക്കും മികച്ച അനുഭവമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബൻ സന്ദർശന വേളയിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് അഞ്ച് മികച്ച ക്യൂബൻ ചെസ് താരങ്ങൾ കേരളം സന്ദർശിച്ചത്,
സമാപന സമ്മേളനത്തിൽ എ.എ. റഹിം എം.പി സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണംചെയ്തു. ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് കേരള 2024 ന്റെ ലോഗോ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദക്ക് നൽകി എം.പി പ്രകാശനം ചെയ്തു. ജനുവരിയിൽ തിരുവനന്തപുരത്താണ് സമ്മിറ്റ്.
സ്വപ്നം ലോക കിരീടം -പ്രഗ്നാനന്ദ
ലോക ചാമ്പ്യനാകുക എന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്നമാണെന്നും അതു യാഥാർഥ്യമാക്കുന്നതിനാണ് തന്റെ ശ്രമമെന്നും ലോക രണ്ടാം നമ്പർ ചെസ് താരം ആർ. പ്രഗ്നാനന്ദ. ഇനിയും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. കളി മികച്ചതാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ്. നിഹാൽ സരിനുമായുള്ള മത്സരത്തിന് ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രഗ്നാനന്ദ.