ജിംനാസ്റ്റിക്സിൽ കേരളം പ്രതീക്ഷ -ദീപ കർമാകർ
text_fieldsദീപ കർമാകർ
ഡെറാഡൂൺ: ദേശീയ ഗെയിംസിൽ മഹാരഷ്ട്രയിലെയടക്കം താരങ്ങളോട് മത്സരിച്ച് കേരളം നേടിയ മെഡലുകൾ ജിംനാസ്റ്റിക്സിൽ അവരുടെ പ്രകടനം കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്നതിന് തെളിവാണെന്ന് ഒളിമ്പ്യൻ ദീപ കർമാകർ. അടുത്ത ഗെയിംസിലേക്ക് കൂടുതൽ പ്രതിഭകൾ വരുന്നത് കാത്തിരിക്കുകയാണെന്നും ഇന്ത്യയുടെ ആദ്യ വനിത ഒളിമ്പ്യൻ ജിംനാസ്റ്റായ ദീപ 'മാധ്യമ'ത്തിന് അനുവദിച്ച അഭിമുഖ്യത്തിൽ പറഞ്ഞു.
? 38ാമത് ദേശീയ ഗെയിംസിലെ ജിംനാസ്റ്റിക്സ് മത്സരങ്ങളെ എങ്ങിനെ കാണുന്നു
-വളരെ നല്ല പ്രകടനങ്ങളാണ്. ഇടവേളക്ക് ശേഷം അന്താരാഷ്ട്ര വേദികളിൽ ഇന്ത്യക്കായി മത്സരിക്കാൻ കൂടുതൽ താരങ്ങളെത്തുമെന്നാണ് പ്രതീക്ഷ. സീനിയേഴ്സിനോട് ഏറ്റുമുട്ടി ജൂനിയേഴ്സ് മെഡലുകൾ നേടുന്നത് കണ്ടില്ലേ. ഭാവി ഭദ്രമാണെന്ന് തന്നെ ഇതിൽ നിന്ന് മനസ്സിലാക്കാം.
? കേരളത്തിന്റെ പ്രകടനം ശ്രദ്ധിച്ചിരുന്നോ
-തീർച്ചയായും. ഓരേ പ്രാവശ്യവും പെർഫോമൻസ് മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന ടീമുകളിലൊന്നാണ് കേരളം. കഴിഞ്ഞ തവണ അവർക്ക് രണ്ടോ മൂന്നോ മെഡലുകളാണ് ലഭിച്ചത്. ഇത്തവണ സ്വർണമില്ലെങ്കിലും മെഡൽ നേട്ടം അഞ്ച് കടന്നെന്നാണ് അറിവ്. ജിംനാസ്റ്റിക്സിൽ കേരളം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മഹാരാഷ്ട്രയടക്കമുള്ളവർക്കൊപ്പം മത്സരിച്ച് ഇനിയും മെഡലുകൾ നേടാനും അന്താരാഷ്ട്ര താരങ്ങളെ സൃഷ്ടിക്കാനും കഴിയും.
? ലോകവേദികളിൽ ഇന്ത്യ നിറംമങ്ങിയെന്ന് തോന്നുന്നുണ്ടോ
-നോക്കൂ, 52 വർഷം കാത്തിരുന്നാണ് ഒളിമ്പിക്സിൽ ഒരു താരം ഇന്ത്യക്ക് വേണ്ടി ഇറങ്ങിയത്, 2016ൽ റിയോയിൽ. അത് ഞാനായിരുന്നു. ശേഷം 2021ൽ ടോക്യോയിൽ പ്രണതി നായകും മത്സരിച്ചു. 2024ലെ പാരിസ് ഒളിമ്പിക്സിൽ ആർക്കും യോഗ്യത ലഭിച്ചില്ലെന്നത് ശരിയാണ്. ലോക ചാമ്പ്യൻഷിപ്പിലും മത്സരിക്കാനായില്ല. അതിനർഥം ഇന്ത്യ നിറംമങ്ങുന്നുവെന്നല്ല. ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ നമ്മുടെ താരങ്ങൾ യോഗ്യത നേടുമെന്ന് തന്നെയാണ് പ്രതീക്ഷ.
? താങ്കളുടെ വിരമിക്കൽ നേരത്തേയായല്ലോ
-എനിക്ക് 31 വയസ്സായി. അത് വിരമിക്കാനുള്ള പ്രയാമാണെന്ന് തോന്നുന്നില്ലെങ്കിലും ശരീരം അനുവദിക്കാത്തത് പ്രശ്നമാണ്. പരിക്ക് കാരണം പലവട്ടം ഇടവേള എടുക്കേണ്ടിവന്നു. ശസ്ത്രക്രിയകൾക്ക് വിധേയയായി. ഇനിയും മുന്നോട്ടുപോവാൻ കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് വിരമിച്ചത്.
? ഭാവി പദ്ധതികൾ
-വിരമിച്ചുവെന്നതിനർഥം ജിംനാസ്റ്റിക്സ് വിട്ടുവെന്നല്ല. ദേശീയ ഗെയിംസിൽ അത്ലറ്റ് കമീഷന്റെ ചുമതലയുണ്ട്. പരിശീലകയായി തുടരാനാണ് താൽപര്യം. ബാക്കിയൊക്കെ ദൈവത്തിന് വിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

