ദോഹയിൽ നീരജിന്റെ മിഷൻ 90 മീ.! ദോഹ ഡയമണ്ട് ലീഗ് ഇന്ന്
text_fieldsനീരജ് ചോപ്ര
ദോഹ: ഇന്ത്യയുടെ ഒളിമ്പിക്സ്-ലോകചാമ്പ്യൻ നീരജ് ചോപ്ര ഉൾപ്പെടെ ലോകോത്തര കായിക താരങ്ങൾ മാറ്റുരക്കുന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്സിന് ഇന്ന് ദോഹ വേദിയാകും. അത്ലറ്റിക്സ് സീസണിന്റെ തുടക്കമായി കരുതുന്ന ഡയമണ്ട് ലീഗ് അങ്കത്തിൽ ലോകത്തെ മുൻനിര താരങ്ങൾ ട്രാക്കിലും ഫീൽഡിലുമായി കളത്തിലിറങ്ങും.
നീരജ് ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങളാണ് ദോഹയിൽ മത്സരിക്കുന്നത്. ജാവലിൻ ത്രോയിൽ സഹതാരം കിഷോർ ജെന, 5000 മീറ്റർ ഓട്ടത്തിൽ ഗുൽവീർ സിങ്, 3000 മീറ്റർ വനിതാ സ്റ്റീപ്പിൾചേസിൽ ദേശീയ റെക്കോഡിനുടമയായ പാരുൾ ചൗധരി എന്നിവർ ഇന്ത്യക്കായി കളത്തിലിറങ്ങും.
ഖത്തർ സ്പോർട്സ് ക്ലബ് വേദിയൊരുക്കുന്ന ലീഗിൽ തുടർച്ചയായി മൂന്നാം വർഷമാണ് നീരജ് ചോപ്ര മത്സരിക്കാനെത്തുന്നത്. 2023ൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇത്തവണയും ലോകോത്തര താരങ്ങൾകൊപ്പമാണ് പോരാട്ടം. 90 മീറ്റർ എന്ന സ്വപ്നം ആറ് സെന്റീമീറ്റർ അകലെ കാത്തിരിക്കുമ്പോൾ സീസണിൽ ഏറ്റവും മികച്ച പ്രകടനം (84.52 മീ) നീരജിന്റേതാണെന്നത് ആത്മവിശ്വാസം പകരുന്നു.
ഏപ്രിലിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പോച്ച് ഇൻവിറ്റേഷണൽ മീറ്റിൽ പങ്കെടുത്ത് ഖത്തറിലെത്തുന്ന താരം പുതിയ പരിശീലകൻ സെലസ്നിക്കു കീഴിൽ മാജിക് ദൂരത്തിലെത്തുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ത്രിവർണ പതാകയുമായി ഇന്ത്യൻ ആരാധകർ നിറയുന്ന ദോഹയിൽ മികച്ച ദൂരം അദ്ദേഹവും സ്വപ്നം കാണുന്നു.
ടോക്യോയിലെ വെള്ളി മെഡൽ ജേതാവ് ജാകുബ് വാഡ്ലെ, ട്രിനിഡാഡിന്റെ കെഷ്റോൺ വാൽകeകോട്, കെനിയയുടെ യൂലിയസ് യെഗോ, ജർമനിയുടെ മാക്സ് ഡെനിങ് എന്നിവരാണ് ജാവലിനിൽ രംഗത്തുള്ള പ്രധാനികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

