Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഗുൽവീറിനും...

ഗുൽവീറിനും ഹർജീന്ദറിനും വെള്ളിത്തിളക്കം

text_fields
bookmark_border
ഗുൽവീറിനും ഹർജീന്ദറിനും വെള്ളിത്തിളക്കം
cancel
camera_alt

 ഗു​ൽ​വീ​ർ സി​ങ്, ഹ​ർ​ജീ​ന്ദ​ർ കൗ​ർ

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യക്ക് അത്‍ലറ്റിക്സ് മെഡൽ. ഹൈജമ്പിൽ സർവേശ് കുശാരെക്ക് പിന്നാലെ 10,000 മീറ്റർ ഓട്ടത്തിൽ ഗുൽവീർ സിങ്ങാണ് വെള്ളി സ്വന്തമാക്കിയത്. വനിതകളുടെ 69 കി. ഭാരോദ്വഹനത്തിൽ ഹർജീന്ദർ കൗറും രജതപ്പതക്കമണിഞ്ഞതോടെ രണ്ടു സ്വർണവും ഏഴു വെള്ളിയും മൂന്നു വെങ്കലവുമടക്കം 12 മെഡലുകളായി ഇന്ത്യക്ക്.

മഴമൂലം പ്രയാസകരമായ സാഹചര്യത്തിൽ 27:49.78 സെ. സമയത്തിൽ ഓടിയെത്തിയാണ് 28കാരനായ ഗുൽവീർ ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്. ആസ്ട്രേലിയയുടെ കയ് റോബിൻസണിനാണ് (27:48.93 സെ.) സ്വർണം. ഐൽ ഓഫ് മാനിന്റെ ഡേവിഡ് മുല്ലർകി (27:50.28 സെ.) വെങ്കലം സ്വന്തമാക്കി. 1986നുശേഷം 10,000 മീറ്ററിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ആഫ്രിക്കൻ താരങ്ങളില്ലാത്ത ആദ്യ ഗെയിംസാണിത്.

സ്കോട്സ്ടൗൺ സ്റ്റേഡിയത്തിൽ കോരിച്ചൊരിയുന്ന മഴയത്തായിരുന്നു 10,000 ഓട്ടം. തുടക്കം മുതൽ മുൻനിരയിലുണ്ടായിരുന്ന ഗുൽവീർ അവസാന ഘട്ടത്തിലെ മികച്ച കുതിപ്പ് വഴിയാണ് മെഡൽ സാധ്യത നിലനിർത്തിയത്. ‘മെഡൽ നേടുകയെന്നത് എപ്പോഴും സന്തോഷകരമാണ്. മികച്ച മത്സരമായിരുന്നു. മഴ ബുദ്ധിമുട്ടുണ്ടാക്കി. പക്ഷേ, മഴയോ വെയിലോ ഒന്നും വിഷയമല്ല, മെഡൽ നേടാനായാൽ’ -ഗുൽവീർ പറഞ്ഞു. ഉത്തർപ്രദേശിലെ അത്രൗളി സ്വദേശിയായ ഗുൽവീർ സൈന്യത്തിൽ നായിബ് സുബേദാറാണ്.

10,000 മീ., 5000 മീ., 3000 മീ. എന്നിവയിലെല്ലാം നിലവിലെ ദേശീയ റെക്കോഡുകൾ ഗുൽവീറിന്റെ പേരിലാണ്. 10,000 മീറ്ററിൽ 27:00.22 സെ. ആണ് ഗുൽവീറിന്റെ മികച്ച സമയം. ഈ പ്രകടനത്തിനടുത്തെങ്കിലുമെത്തിയിരുന്നെങ്കിൽ ഗ്ലാസ്ഗോയിൽ സ്വർണം സ്വന്തമാക്കാമായിരുന്നു ഗുൽവീറിന്. 2025ലെ ഗുമി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 10,000 മീറ്ററിലും 5000 മീറ്ററിലും സ്വർണം സ്വന്തമാക്കിയിട്ടുള്ള ഗുൽവീർ 2023 ബാങ്കോക്ക് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 5000 മീറ്ററിൽ വെങ്കലവും 2002 ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ 10,000 മീറ്ററിൽ വെങ്കലവും നേടിയിട്ടുണ്ട്.

ബെർമിങ്ഹാമിലെ വെങ്കലം ഗ്ലാസ്ഗോയിൽ വെള്ളിയാക്കി ഹർജീന്ദർ

കഴിഞ്ഞതവണ ബെർമിങ്ഹാം ഗെയിംസിൽ 71 കി. വിഭാഗത്തിൽ വെങ്കലം നേടിയിരുന്ന ഹർജീന്ദർ കൗർ ഗ്ലാസ്ഗോയിൽ 69 കി. വിഭാഗത്തിൽ വെള്ളി കരസ്ഥമാക്കിയാണ് പ്രകടനം മെച്ചപ്പെടുത്തിയത്. സ്നാച്ചിലും ക്ലീൻ ആൻഡ് ജർക്കിലും തന്റെ മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവെച്ചാണ് 29 കാരി രജതപ്പതക്കം മാറിലണിഞ്ഞത്. സ്നാച്ചിലും ക്ലീൻ ആൻഡ് ജർക്കിലുമായി 227 കി. ഭാരമുയർത്തിയാണ് ഹർജീന്ദർ വെള്ളിയണിഞ്ഞത്. കാനഡയുടെ ഷാർലറ്റ് സിമന്യൂവിനാണ് (240 കി.) സ്വർണം. ആറു ശ്രമങ്ങളിൽ ഒന്നുപോലും പാഴാക്കാതെയായിരുന്നു ഹർജീന്ദറിന്റെ മെഡൽ നേട്ടം. സ്നാച്ചിൽ ഹർജീന്ദർ 96 കി., 99 കി., 101 കി. എന്നിങ്ങനെ ഭാരമുയർത്തി. ക്ലീൻ ആൻഡ് ജർക്കിൽ 120 കി., 123 കി., 126 കി. എന്നിങ്ങനെയായിരുന്നു ഹർജീന്ദറിന്റെ പ്രകടനം. ഹർജീന്ദറിന്റെ വെള്ളിയോടെ കോമൺവെത്ത് ഗെയിംസിൽ ഇന്ത്യക്ക് ഭാരോദ്വഹത്തിൽനിന്ന് മാത്രം ഏഴു മെഡലായി (ഒരു സ്വർണം, അഞ്ച് വെള്ളി, ഒരു വെങ്കലം).

അതേസമയം, വനിതകളുടെ 77 കി. വിഭാഗത്തിൽ മെഡൽ പ്രതീക്ഷയായിരുന്ന സഞ്ജന സ്നാച്ചിലെ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ട് പുറത്തായി. സ്നാച്ചിൽ 94 കി. ഉയർത്താനുള്ള മൂന്ന് ശ്രമങ്ങളും പാഴായതോടെ തന്റെ കരുത്തായ ക്ലീൻ ആൻഡ് ജർക്കിൽ മത്സരിക്കാനുള്ള അവസരം സഞ്ജനക്ക് ലഭിച്ചില്ല.

അനിമേഷ് കുജൂർ 200 മീ. സെമിയിൽ

ഇന്ത്യയുടെ അനിമേഷ് കുജൂർ മികച്ച പ്രകടനവുമായി 200 മീറ്റർ ഓട്ടത്തിൽ സെമിഫൈനലിൽ കടന്നു. നാലാം ഹീറ്റ്സിൽ 20.46 സെക്കൻഡിൽ ഒന്നാമതെത്തിയ 23കാരൻ മൊത്താം ഏഴാം സ്ഥാനക്കാരനായാണ് സെമിയിലേക്ക് മുന്നേറിയത്.

10 ഹീറ്റ്സുകളിലെ മികച്ച 16 സ്ഥാനക്കാരാണ് സെമിയിലെത്തുക. സീസണിൽ 20.47 സെ. ആയിരുന്നു അനിമേഷിന്റെ മികച്ച പ്രകടനം. അനിമേഷിന്റെ പേരിൽ തന്നെയാണ് ദേശീയ റെക്കോഡും (20.32 സെ.).

ഷോട്ട്പുട്ട്; തേജീന്ദർപാലും സമർദീപും ഫൈനലിൽ

ഇന്ത്യയുടെ തേജീന്ദർപാൽ സിങ് ടൂറും സമർദീപ് സിങ് ഗില്ലും കോമൺവെൽത്ത് ഗെയിംസ് ഷോട്ട്പുട്ട് ഫൈനലിൽ കടന്നു. ഗ്രൂപ് എയിൽ രണ്ടാം ശ്രമത്തിൽ യോഗ്യത ദൂരമായ 20 മീറ്റർ മറികടന്നാണ് ടൂറിന്റെ മുന്നേറ്റം. ടൂറിന്റെ ആദ്യ ശ്രമം 19.93 മീറ്ററും രണ്ടാം ശ്രമം 20.14 മീറ്ററുമായിരുന്നു.

ഗ്രൂപ് ബിയിൽ മത്സരിച്ച സമർദീപിന് 19.95 മീറ്ററും 19.75 മീറ്ററും മാത്രമേ എറിയാൻ സാധിച്ചുള്ളൂവെങ്കിലും മികച്ച 12 പേരിൽ ഒരാളായി ഫൈനലിലേക്ക് മുന്നേറി. 21.03 മീറ്റർ ദൂരത്തേക്ക് ഷോട്ട് പായിച്ച നിലവിലെ ജേതാവ് ന്യൂസിലൻഡിന്റെ ടോം വാൽഷ് ആണ് യോഗ്യതാ റൗണ്ടിൽ ഒന്നാമത്.

കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസുകളിലും ജേതാവായ ടൂറിനിന് രണ്ടാമത്തെ മാത്രം കോമൺവെൽത്ത് ഗെയിംസാണ്. 2018 ഗോൾഡ് കോസ്റ്റിൽ എട്ടാമതായിരുന്ന ടൂറിന് കഴിഞ്ഞ ഗെയിംസ് പരിക്കുമൂലം നഷ്ടമായി. ദേശീയ റെക്കോഡായ 21.77 മീറ്റർ ആണ് ടൂറിന്റെ മികച്ച പ്രകടനം.

ഫൈനൽ യോഗ്യതയില്ലാതെ സാജൻ പ്രകാശ്

200 മീ. ഫ്രീസ്റ്റൈലിൽ ഫൈനൽ കാണാതെ പുറത്തായി മലയാളി താരം സാജൻ പ്രകാശ്. ഹീറ്റ്സിൽ അഞ്ചാമതായ 32കാരൻ മൊത്തം 20ാമതായാണ് ഫിനിഷ് ചെയ്തത്. 1:46.61 എന്ന വ്യക്തിഗത സമയം പേരിലുള്ള സാജൻ 1.51.99 സെക്കൻഡിലാണ് ഗ്ലാസ്ഗോയിൽ ഫിനിഷ് ചെയ്ത്തത്. മറ്റൊരു ഇന്ത്യൻ താരമായ അനീഷ് ഗൗഡ 1:51.64 സെക്കൻഡിൽ 18ാമതായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weightliftingsilver medalcommonwealth gamesRunningIndia
News Summary - Commonwealth Games: Silver Medals for Gulveer Singh and Harjinder Kaur
Next Story