കാൻഡിഡേറ്റ്സ് ടൂർണമെന്റ്: പ്രതീക്ഷ പകർന്ന് ഇന്ത്യൻ ത്രയം
text_fieldsടോറന്റോ: ചതുരംഗക്കളത്തിലെ അതികായർ മാറ്റുരക്കുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ പ്രതീക്ഷയോടെ തുടങ്ങിയ ഇന്ത്യൻ ത്രയത്തിന്റെ ആദ്യ പോരാട്ടങ്ങൾ നൽകുന്നത് ശുഭസൂചന. ഡി. ഗുകേഷ്, ആർ. പ്രഗ്നാനന്ദ എന്നിവർ അസാധാരണ പ്രകടനവുമായി മുന്നിൽനിന്നപ്പോൾ അവസാന ചിരിയിലേക്ക് ഇരുവരിൽ ഒരാൾ എത്താമെന്ന സാധ്യത നിലനിൽക്കുന്നു. റഷ്യയുടെ ഇയാൻ നെപോംനിയാഷി, ലോക മൂന്നാം നമ്പർ ഹികാരു നകാമുറ തുടങ്ങി പ്രമുഖരുടെ വൻനിര തന്നെ നിൽക്കെ ഇനിയുള്ള 10 കളികളിൽ വമ്പൻ ജയങ്ങളുമായി കിരീടം പിടിക്കൽ എളുപ്പമാകില്ല.
നാലു റൗണ്ട് പൂർത്തിയായപ്പോൾ നെപോംനിയാഷിയാണ് മൂന്നു പോയന്റുമായി മുന്നിൽ. തൊട്ടുപിറകിൽ ഗുകേഷുണ്ട്. അതിനിടെ, അവസാന കളിയിൽ നകാമുറയെ വീഴ്ത്തി വരവറിയിച്ച വിദിത് ഗുജറാത്തിയും വരും മത്സരങ്ങളിൽ പ്രതിഭ പുറത്തെടുക്കുമെന്നാണ് കരുതുന്നത്.

