'കുരങ്ങിനെ പോലുണ്ടെന്നും മന്ദബുദ്ധിയെന്നും വിളിച്ച് കളിയാക്കി'; പാരാലിമ്പിക്സ് മെഡലിലൂടെ മറുപടി നൽകി ദീപ്തി
text_fieldsപാരീസിൽ നടക്കുന്ന പാരാലിമ്പിക്സിൽ മെഡൽ നേടി നേട്ടത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ് ഇന്ത്യയുടെ അത്‍ലറ്റ് ദീപ്തി ജീവാൻജി. ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചാണ് ദീപ്തി ഇന്ത്യക്കായി 16ാം മെഡൽ നേടിയത്. വനിതകളുടെ 400 മീറ്ററിലായിരുന്നു അവരുടെ നേട്ടം. 55.28 സെക്കൻഡിലാണ് അവർ ഓട്ടം പൂർത്തിയാക്കിയത്.
ലോക അത്‍ലറ്റിക് പാര ചാമ്പ്യൻഷിപ്പിൽ ദീപ്തി ഇന്ത്യക്കായി മെഡൽ നേടിയിരുന്നു. ജപ്പാനിലെ കോബയിൽ നടന്ന ചാമ്പ്യൻഷിപ്പിലായിരുന്നു മെഡൽ നേട്ടം.ആന്ധ്രപ്രദേശിലെ വാറങ്കൽ ജില്ലയിൽ ജനിച്ച ദീപ്തി നിരവധി വെല്ലുവിളികൾ നേരിട്ടാണ് പാരാലിമ്പിക്സ് വേദിയിലെത്തിയത്. മാനസികമായി വെല്ലുവിളികൾ നേരിട്ട അവർ ഒരുപാട് കളിയാക്കലുകൾക്ക് വിധേയയായിരുന്നുവെന്ന് രക്ഷിതാക്കളായ ജീവാൻജി യാദഗിരിയും ജീവാൻജി ധനക്ഷ്മിയും പറഞ്ഞു.
ഗ്രാമത്തിലുള്ളവർ അവളെ കാണുമ്പോൾ മന്ദബുദ്ധിയെന്നും കുരങ്ങനെ പോലിരിക്കുന്നവളുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ അവൾ ലോകചാമ്പ്യനായി മാറുമ്പോൾ സന്തോഷമുണ്ടെന്ന് ദീപ്തിയുടെ രക്ഷിതാക്കൾ പറഞ്ഞു.
ആളുകൾ കളിയാക്കുമ്പോൾ കരഞ്ഞുകൊണ്ടാണ് ദീപ്തി വീട്ടിൽ വന്നിരുന്നതെന്ന് അവരുടെ ഇളയ സഹോദരി അമൂല്യ പറഞ്ഞു. കരയുന്ന സമയത്ത് അവൾക്ക് താൻ മധുരപലഹാരങ്ങളും ഇറച്ചിക്കറിയും ഉണ്ടാക്കി നൽകുമായിരുന്നുവെന്നും അമുല്യ ഓർത്തെടുത്തു.
പാരീസിൽ നടക്കുന്ന പാരാലിമ്പിക്സ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലാണ് ദീപ്തി നേടിയത്. 20 മെഡലുകളുമായി പാരാലിമ്പിക്സിൽ ഇന്ത്യ സർവകാല റെക്കോഡ് നേടിയിരുന്നു. ടോക്യോവിലെ 19 മെഡലുകളെന്ന നേട്ടമാണ് ഇന്ത്യൻ പാരാലിമ്പിക്സ് സംഘം മറികടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

