റസ്‍ലിങ് ഫെഡറേഷനെ വീണ്ടും കൈപ്പിടിയിലൊതുക്കാൻ ബ്രിജ് ഭൂഷന്റെ വളഞ്ഞ വഴി; പിന്തുണക്കുന്ന 18 പേർ നാമനിർദേശം സമർപ്പിച്ചു
text_fieldsന്യൂഡൽഹി: വനിത ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ജാമ്യത്തിൽ കഴിയുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ പിന്തുണക്കുന്ന 18 പേർ ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്ക് ഓരോരുത്തരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആറും ജോയന്റ് സെക്രട്ടറി പോസ്റ്റിലേക്ക് രണ്ടും എക്സിക്യൂട്ടീവിലേക്ക് ഏഴും പേരാണ് തിങ്കളാഴ്ച നാമനിർദേശം സമർപ്പിച്ചത്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും ഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനാണ് ബ്രിജ് ഭൂഷന്റെ നീക്കമെന്നാണ് സൂചന. മൂന്ന് തവണയായി 12 വർഷം പൂർത്തിയാക്കിയതിനാൽ ബ്രിജ് ഭൂഷണ് ഇനി മത്സരിക്കാനാവില്ല. പരമാവധി മൂന്ന് തവണയാണ് ഒരാൾക്ക് സ്ഥാനം അലങ്കരിക്കാനാവുക.
നടക്കാനിരിക്കുന്ന റസ്‍ലിങ് ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ തന്റെ കുടുംബത്തിൽനിന്ന് ആരും മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ബ്രിജ് ഭൂഷൺ പറഞ്ഞിരുന്നു. എന്നാൽ, തന്റെ ഗ്രൂപ്പിന് 25 സംസ്ഥാന അസോസിയേഷനുകളിൽ 22 എണ്ണത്തിന്റെ പിന്തുണയുണ്ടെന്ന് ആവർത്തിക്കുകയും ചെയ്തു. ആഗസ്റ്റ് 12ന് നടക്കുന്ന തെരഞ്ഞെടുപ്പിന് നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു.
ലൈംഗികാതിക്രമ കേസില്‍ ജൂലൈ 20ന് ഡൽഹി കോടതി ബ്രിജ്ഭൂഷണ് സ്ഥിര ജാമ്യം അനുവദിച്ചിരുന്നു. കേസിൽ ബ്രിജ് ഭൂഷൺ വിചാരണ നേരിടണമെന്നായിരുന്നു ഡല്‍ഹി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ ആവശ്യം. ആറ് വനിത ഗുസ്തി താരങ്ങളുടെ പരാതിയിൽ ഡൽഹി കൊണാട്ട്പ്ലേസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജൂൺ 15നാണ് 1,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 108 സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇതിൽ 15 പേര്‍ പരിശീലകരാണ്. അന്വേഷണത്തിനിടെ റഫറിമാര്‍ ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ ശരിവെച്ചിരുന്നു.
ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമരം ലോക ശ്രദ്ധ നേടിയിരുന്നു. തനിക്കെതിരെ സമരത്തിനിറങ്ങിയ ബജ്‌റംഗ് പുനിയക്കും വിനേഷ് ഫോഗട്ടിനും ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് യോഗ്യത നല്‍കിയതിനെതിരെ ബ്രിജ് ഭൂഷൺ രംഗത്തെത്തിയിരുന്നു.