ആസ്ട്രേലിയൻ ഓപൺ; ദ്യോകോ Vs അൽകാരസ്
text_fieldsഅൽകാരസ്, ദ്യോകോവിച്ച്
ലണ്ടൻ: പ്രായം അക്കം മാത്രമാണെന്നും അസാധ്യമായി ഒന്നുമില്ലെന്നും മെൽബൺ പാർക്കിലെ ആയിരങ്ങൾക്ക് മുന്നിൽ കളിച്ചുതെളിയിച്ച് സൂപ്പർ ദ്യോകോ ആസ്ട്രേലിയൻ ഓപൺ കലാശപ്പോരിന്. 25ാം ഗ്രാൻഡ് സ്ലാമെന്ന സ്വപ്നത്തിലേക്ക് അതിവേഗ എയ്സുകൾ പായിച്ചാണ് ചാമ്പ്യൻ സിന്നറെ അഞ്ചു സെറ്റ് പോരാട്ടത്തിൽ നൊവാക് ദ്യോകോവിച്ച് അടിയറവ് പറയിച്ചത്. സ്കോർ 3-6 6-3 4-6 6-4 6-4. പരിക്കു വലച്ചിട്ടും പോരു ജയിച്ച് ഫൈനലിലെത്തിയ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസാണ് ഫൈനലിൽ എതിരാളി.
സൂപ്പർ ദ്യോകോ
ഒരു വർഷത്തിലേറെയായി ഗ്രാൻഡ് സ്ലാം പോരാട്ടങ്ങളിൽ നേരത്തെ മടങ്ങേണ്ടിവരുന്നതിന്റെ ആധിയുമായി ഇറങ്ങിയ ദ്യോകോവിച്ച് അനായാസം ആദ്യ സെറ്റ് കൈവിട്ടതോടെ ഒരിക്കലൂടെ സിന്നർ- അൽകാരസ് ഫൈനൽ പ്രതീക്ഷിച്ചവരേറെ. അത്രക്ക് സർവാധിപത്യത്തോടെയാണ് 14 വയസ്സ് ഇളമുറക്കാരനായ സിന്നർ ആദ്യ സെറ്റ് ജയിച്ചത്. എന്നാൽ, പിന്നീടങ്ങോട്ട് ശൈലി മാറ്റിപ്പിടിച്ച ദ്യോകോ സെർവിലും ബ്രേക്കിലും ഒരു പടി മുന്നിൽനിന്നപ്പോൾ കളി മാറി.
അടുത്ത സെറ്റ് ദ്യോകോയെ തുണച്ചപ്പോഴും സിന്നറുടെ ക്യാമ്പ് എല്ലാം ഉറപ്പിച്ചായിരുന്നു. പക്ഷേ, വലിയ ആരവങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ ഓരോ പോയിന്റും സ്വന്തമാക്കി പതിയെ ലീഡിലേക്ക് കയറിയിരുന്ന ദ്യോകോ അവസാനം ആധികാരികമായി അഞ്ചാം സെറ്റിലും ജയിച്ചാണ് ആസ്ട്രേലിയൻ ഓപണിൽ 11ആം കിരീടമെന്ന ചരിത്രത്തിനരികെ എത്തിയത്. 2023ൽ യു.എസ് ഓപൺ കിരീടം ചൂടിയ ശേഷം ദ്യോകോ ഗ്രാൻഡ് സ്ലാമുകളിൽ കിരീടം ചുടിയിട്ടില്ല.
മാരത്തൺ കാർലോസ്
രണ്ട് സെറ്റ് സ്വന്തമാക്കിയ ശേഷം പിടികൂടിയ കലശലായ കാലു വേദനയിൽ എല്ലാം കൈവിട്ടുപോകുന്നേടത്ത് കളിയും ഗോൾഡൻ സ്ലാം സ്വപ്നങ്ങളും തിരിച്ചുപിടിച്ച് കാർലോസ് അൽകാരസ്. അലക്സാണ്ടർ സ്വരേവിനെയാണ് ഒന്നാം സെമിയിലെ മാരത്തൺ പോരാട്ടത്തിൽ താരം മറികടന്നത്. സ്കോർ 6-4, 7-6(5), 6-7(3), 6-7(4), 7-5. മൂന്നാം സെറ്റിൽ 4-4ന് ഒപ്പത്തിനൊപ്പം നിൽക്കെയാണ് സ്പാനിഷ് താരത്തിന് കാലിലെ വേദന വില്ലനായത്. ഇത് അവസരമാക്കി തിരിച്ചുകയറിയ സ്വരേവ് മൂന്നും നാലും സെറ്റുകൾ ടൈബ്രേക്കറിൽ സ്വന്തമാക്കിയതോടെ കളി മുറുകി.
പലപ്പോഴും കളി മാറ്റിപ്പിടിച്ചാണ് ലോക ഒന്നാം നമ്പർ താരം ഒപ്പത്തിനൊപ്പം നിന്നത്. അവസാന സെറ്റിലും തുല്യശക്തികളുടെ പോരാട്ടം കണ്ടു. എന്നാൽ, ഇനിയൊരിക്കൽ കൂടി ടൈബ്രേക്കറിലേക്ക് നീട്ടാതെ അലകാരസ് കളിയും ഫൈനൽ ടിക്കറ്റും സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വനിതകളിൽ അരീന സബലങ്കയും എലേന റിബാകിനയും ഫൈനലിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

