സ്കൂൾ കായികമേളയിൽ അതുല്യ ജയനും അനിഷ അനിലും തീർത്തത് പുതു ചരിത്രം
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ ഇൻക്ലൂസീവ് കായിക മത്സരങ്ങൾക്ക് ട്രാക്കുണർന്നപ്പോൾ വയനാട്ടുകാരായ അതുല്യ ജയനും അനിഷ അനിലും തീർത്തത് പുതു ചരിത്രം. സമൂഹത്തിൽ ഭിന്നശേഷിക്കാരായതിൻറെ പേരിൽ മാറ്റിനിർത്തപ്പെട്ടിരുന്ന കൊച്ചു മിടുക്കന്മാർ അതിരുകളും പരിമിതികളുമില്ലാതെ ശരവേഗങ്ങൾ തീർത്ത ട്രാക്കിൽ മറ്റൊരു അധ്യായമാണ് അതുല്യയും അനിഷയും എഴുതി ചേർത്തത്.
14 വയസ്സിന് താഴെയുള്ള കാഴ്ച പരിമിതർക്കുള്ള 100 മീറ്റർ ഓട്ട മത്സരത്തിലാണ് അതുല്യ പങ്കെടുത്തത്. ഗൈഡ് റണ്ണറായി ഓടിയത് അനിഷയും. വയനാട് ജില്ലയിലെ ഗോത്രവർഗ വിഭാഗക്കാരായ ഇവരാണ് മത്സരത്തിൽ ഒന്നാമതെത്തിയത്. ജന്മനാ 40 ശതമാനം മാത്രം കാഴ്ച ശക്തിയുള്ള അതുല്യ ജയൻ 'കുറിച്യ' വിഭാഗത്തിലാണ്.
വയനാട് വെണ്ണിയോട് മെച്ചനയിലെ കൃഷിപ്പണിക്കാരായ ജയന്റെയും സുജാതയുടെയും മകളായ അതുല്യ ജി.വി.എച്ച്.എസ്.എസ് കരികുറ്റിയിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. തൻറെ ജേഷ്ഠസഹോദരൻ അജിൽ ജയൻ അമ്പെയ്ത്തിൽ സംസ്ഥാന ചാമ്പ്യനാണ്. അതുല്യയുടെ കണ്ണിൽ പടർന്ന ഇരുട്ടിലും വിജയത്തിൻറെ തിളക്കം സമ്മാനിക്കാൻ കൂടെ ഓടിയ അനിഷ പണിയ വിഭാഗത്തിലാണ്. മാനന്തവാടി ജി.വി.എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനിഷ.
കടുത്ത സാമ്പത്തിക പരാധീനതകളിലും മക്കളുടെ ഈ വിജയത്തിൽ ആനന്ദാശ്രു പൊഴിക്കുകയാണ് ഇവരുടെ മാതാപിതാക്കൾ. മക്കളുടെ ഓരോ നേട്ടത്തിലും വലിയ സന്തോഷം ഉണ്ടെന്നും എപ്പോഴും കരുത്തായി നിന്ന അനിത ടീച്ചർക്ക് നന്ദിയുണ്ടെന്നും അതുല്യയുടെ അമ്മ സുജാത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

