ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം; മെഡൽ വെടിവെച്ചിട്ട് കമൽജീത്തും സുരുചി സിങ്ങും
text_fieldsനഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണം സ്വന്തമാക്കി ഇന്ത്യയുടെ കമൽജീത്ത് - സുരുചി സിങ് സഖ്യം. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിലാണ് ഇന്ത്യയുടെ സുവർണനേട്ടം. 484.6 പോയിന്റുകൾ നേടി ഏഷ്യൻ റെക്കോഡോടെയാണ് ഇന്ത്യ മെഡൽ സ്വന്തമാക്കിയത്. ഈ വർഷം ആദ്യം ഉസ്ബെക്കിസ്ഥാന്റെ മുഖമ്മദ് കമാലോവും നിഗിന സെയ്ദ്കുലോവയും സ്ഥാപിച്ച 481.3 എന്ന സ്കോറാണ് ഇരുവരും മറികടന്നത്. ബാലകൃഷ്ണ ഉച്ചഗൺവെയ്ക്ക് പകരക്കാരനായി ടീമിൽ ഇടം പിടിച്ചാണ് കമൽജീത്ത് സ്വർണം കരസ്ഥമാക്കിയത്.
ഇത് ഇന്ത്യയുടെ 2026 ഏഷ്യൻ ഗെയിംസിലെ രണ്ടാം സ്വർണമാണ്. നേരത്തെ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം സ്വർണം സ്വന്തമാക്കിയിരുന്നു. ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചായിരുന്നു ടീമിന്റെ നേട്ടം.
തുടക്കം മുതൽ അവസാനം വരെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സുരചിയും കമൽജീത്തും സ്വർണം ഉറപ്പിച്ചത്. ദക്ഷിണ കൊറിയ നടത്തിയ ശക്തമായ പോരാട്ടത്തെ മറികടന്ന് ഇന്ത്യ മെഡൽ വെടിവെച്ചിടുകയായിരുന്നു. ദക്ഷിണ കൊറിയയുടെ സുഹ്യോൻ ഹോങ്, ഗേയുൻ ചൂ എന്നിവർ 478.0 പോയിന്റുമായി വെള്ളിയും ഇറാന്റെ വാഹിദ് ഗോൾഖണ്ഡൻ, ഹനിയേ റോസ്താമിയൻ എന്നിവർ 415.8 പോയിന്റുമായി വെങ്കലവും നേടി.
നേരത്തെ, യോഗ്യതാ റൗണ്ടിലും 587 പോയിന്റുകൾ നേടി ഇന്ത്യൻ സഖ്യം ഏഷ്യൻ റെക്കോർഡ് തകർത്തിരുന്നു. 2023 ലെ ഹാങ്‌ഷൗവിൽ മറ്റൊരു ഇന്ത്യൻ ജോഡിയായ സരബ്ജോത് സിങ്ങും ദിവ്യ സുബ്ബരാജുവും സ്ഥാപിച്ച 577 എന്ന റെക്കോർഡാണ് ഈ സഖ്യം മറികടന്നത്.
അതേസമയം, ഷൂട്ടിങ് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിൽ ഇന്ത്യ വെള്ളിയും നേടി. ഐശ്വര്യ പ്രതാപ് സിങ് ടോമർ, നീരജ് കുമാർ, രുദ്രാംക്ഷ് പാട്ടീൽ എന്നിവരടങ്ങിയ ടീമാണ് വെള്ളി സ്വന്തമാക്കിയത്. 589 പോയിന്റോടെ പ്രതാപ് സിങ് ടോമറും 588 പോയിന്റോടെ നീരജ് കുമാറും വ്യക്തിഗത ഫൈനലിന് യോഗ്യത നേടി. രുദ്രാംക്ഷ് പാട്ടീലിന് 585 പോയിന്റ് മാത്രമാണ് സ്കോർ ചെയ്യാൻ സാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

