അമ്പെയ്ത്ത് ലോകകപ്പ്; ഇന്ത്യക്ക് കോമ്പൗണ്ട് മിക്സഡ് ടീം സ്വർണവും വനിത വ്യക്തിഗത വെള്ളിയും
text_fieldsപാരിസ്: അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് മൂന്നിൽ മികച്ച പ്രകടനവുമാായി ഇന്ത്യ. കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തിൽ അഭിഷേക് വർമ-ജ്യോതി സുരേഖ വെന്നം സഖ്യം ജേതാക്കളായി. ഫ്രാൻസിന്റെ ജീൻ ബൂൾചിനെയും സോഫി ഡൊഡേമോണ്ടിനെയും 152-149 സ്കോറിനാണ് തോൽപിച്ചത്. ഇരുവരും നേടിയത് ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ കോമ്പൗണ്ട് മിക്സഡ് ടീം സ്വർണമാണ്. ഇതിന് പുറമെ വനിത കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ ജ്യോതി വെള്ളിയും നേടി.
മറ്റൊരു മെഡൽകൂടി ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. ഫൈനലിലെത്തിയ വിമൻസ് റീ കർവ് ടീം ഞായറാഴ്ച ചൈനീസ് തായ്പേയിയെ നേരിടും. ദീപിക കുമാരി, അൻകിത ഭകത്, സിമ്രാൻജീത് കൗർ എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ത്യയുടെ ഏറ്റവും മികച്ച മിക്സഡ് ജോടിയാണ് അഭിഷേകും ജ്യോതിയും. കഴിഞ്ഞ വർഷം ലോകകപ്പ് വെള്ളി നേടിയ ഇവർ മുമ്പ് വെങ്കല മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്. അഞ്ചു ഘട്ടങ്ങളാണ് അമ്പെയ്ത്ത് ലോകകപ്പ്. ആദ്യ നാലു ഘട്ടങ്ങളിലെ ഓരോ ഇനത്തിലെയും മികച്ച എട്ട് അമ്പെയ്ത്തുകാർ ഫൈനലിലെത്തും. ഇക്കൊല്ലം ഏപ്രിലിൽ തുർക്കിയിലെ അൻതല്യയിലായിരുന്നു തുടക്കം. ഇന്ത്യ രണ്ടു സ്വർണം നേടി. മേയിൽ ദക്ഷിണ കൊറിയയിലെ ഗാങ്ചോവിൽ നടന്ന രണ്ടാം ഘട്ടത്തിൽ ഓരോ സ്വർണവും വെള്ളിയും മൂന്ന് വെങ്കല മെഡലുകളും ലഭിച്ചു. മെഡൽ പട്ടികയിൽ ദക്ഷിണ കൊറിയക്കു പിന്നിൽ രണ്ടാമതാണ് ഇന്ത്യ ഇപ്പോൾ. നാലാം ഘട്ടം ജൂലൈയിൽ കൊളംബിയയിലെ മെഡലിനിലും ഫൈനൽ ഒക്ടോബറിൽ മെക്സികോയിലെ ട്ലാക്സ്കാലയിലും നടക്കും.