നീരജ് ചോപ്രയുടെ നേട്ടത്തിൽ സന്തോഷം, തന്‍റെ കരിയർ അർഥവത്തായെന്ന് അഞ്ജു ബോബി ജോർജ്
text_fieldsബംഗളൂരു: നീരജ് ചോപ്രയുടെ മെഡൽ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവും മലയാളിയുമായ അഞ്ജു ബോബി ജോർജ്. ഇത്തരത്തിലൊരു മെഡൽ നേട്ടത്തിന് വേണ്ടി കഴിഞ്ഞ 19 വർഷമായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് അഞ്ജു വ്യക്തമാക്കി.
നീരജിലൂടെ ഈ നേട്ടം കൈവരിച്ചതിൽ സന്തോഷമുണ്ട്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്‍റെയും അതിൽ നേടുന്ന മെഡലിന്‍റെയും മൂല്യം ഇന്ത്യക്കാർക്ക് ഇപ്പോൾ മനസിലാകും.വർഷങ്ങൾക്ക് മുമ്പ് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാവാകാനും പിൻഗാമികൾക്ക് വഴികാട്ടിയാകാനും സാധിച്ചതിലൂടെ കരിയറും ലൈഫും അർഥവത്തായെന്ന് തോന്നുന്നു.
രാജ്യത്ത് മടങ്ങിയെത്തുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ജേതാക്കളെ സ്വീകരിക്കാൻ താനുണ്ടാകുമെന്നും അഞ്ജു ബോബി ജോർജ് പ്രതികരിച്ചു. പാരീസ് ഒളിമ്പിക്സിനും മികച്ച നേട്ടം കൈവരിക്കാൻ സാധിക്കട്ടെയെന്ന് അഞ്ജു ആശംസിച്ചു.
2003ൽ അഞ്ജു ബോബി ജോർജ് വെങ്കലം നേടിയതാണ് ചാമ്പ്യൻഷിപ്പിലെ ഇതിന് മുമ്പുള്ള ഇന്ത്യയുടെ മികച്ച നേട്ടം.