ഏഷ്യൻ യൂത്ത് ടി.ടി; ഇന്ത്യക്ക് രണ്ടു വെങ്കലം
text_fieldsദോഹ: ഖത്തർ വേദിയായ ഏഷ്യൻ യൂത്ത് ടേബ്ൾ ടെന്നിസ് ചാമ്പ്യൻഷിപ്പിന് സമാപനമായി. ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളിൽ കഴിഞ്ഞ ആറു ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ വൻകരയിലെ 24 രാജ്യങ്ങളിൽനിന്ന് 213 താരങ്ങളാണ് മാറ്റുരച്ചത്. അണ്ടർ 19, അണ്ടർ 15 ടീം ഇനങ്ങളിൽ ഇന്ത്യൻ സംഘം വെങ്കലമണിഞ്ഞു.
സെമിഫൈനലിൽ വീണെങ്കിലും ഇരു ടീമുകളും വെങ്കലംകൊണ്ട് തൃപ്തിപ്പെട്ടു. ഇതോടെ, ഡിസംബറിൽ സ്ലൊവീനിയയിൽ നടക്കുന്ന വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിലേക്കും യോഗ്യത ഉറപ്പിച്ചു. അണ്ടർ 15 വിഭാഗത്തിൽ പി.പി. അഭിനന്ദ്, പ്രിയാനുജ് ഭട്ടാചാര്യ എന്നിവരാണ് മത്സരിച്ചത്. ക്വാർട്ടർ ഫൈനലിൽ സിംഗപ്പൂരിനെതിരെ 2-1ന് ജയിച്ചെങ്കിലും സെമിയിൽ ചൈനയോട് 3-0ത്തിന് കീഴടങ്ങി.
അണ്ടർ 19 ആൺകുട്ടികളിൽ ഹോങ്കോങ്ങിനെ ക്വാർട്ടർ ഫൈനലിൽ തോൽപിച്ചാണ് ഇന്ത്യൻ ബോയ്സ് വെങ്കലം ഉറപ്പിച്ചത്. ജാഷ് മോദി, അങ്കുർ ഭട്ടാചാര്യ എന്നിവരായിരുന്നു ഈ വിഭാഗത്തിൽ ഇന്ത്യക്കായി മത്സരിച്ചത്. ചൈന ജേതാക്കളായപ്പോൾ, കൊറിയക്കായിരുന്നു രണ്ടാം സ്ഥാനം. അണ്ടർ 19 പെൺകുട്ടികളുടെ ടീം ഇനത്തിലും ചൈന ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം ജപ്പാൻ നേടി. വിവിധ പ്രായവിഭാഗങ്ങളിലായി 14 അംഗ സംഘമാണ് ഇന്ത്യക്കായി മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

