‘ഓപറേഷൻ കളിക്കളം’ സ്പോർട്സ് കൗൺസിലുകളിലെ ‘കള്ളക്കളികൾ’ പൊക്കി വിജിലൻസ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ ഓഫീസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന കള്ളക്കളികളും തിരിമറികളും കൈയ്യോടെ പിടികൂടി വിജിലൻസ്. ‘ഓപറേഷൻ കളിക്കളം’ എന്ന പേരിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിലും 14 ജില്ലകളിലെയും ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസുകളിലും നടത്തിയ പരിശോധനകളിലാണ് നാളുകളായി നടക്കുന്ന പല തട്ടിപ്പുകളും കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച പരിശോധന പലയിടങ്ങളിലും രാത്രി വൈകും വരെ നീണ്ടു. കൂടുതൽ വിശദാംശങ്ങൾ പിന്നീട് വ്യക്തമാക്കുമെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
കായികതാരങ്ങളുടെ തെരഞ്ഞെടുപ്പ്, വിവിധ സാധനങ്ങളുടെയും സേവനങ്ങളുടെയും പർച്ചേസ് നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട് അഴിമതികളും ക്രമക്കേടുകളും നടക്കുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശാനുസരണമായിരുന്നു മിന്നൽ പരിശോധന.
താരങ്ങളുടെ തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടക്കുന്നതായി പരിശോധനയിൽ വ്യക്തമായി. ചാമ്പ്യൻഷിപ്പുകളിൽ അർഹതയില്ലാത്ത കായികതാരങ്ങളെ ഉൾപ്പെടുത്തൽ, മാർക്കിൽ കൃത്രിമം കാണിക്കൽ, വ്യാജ മത്സരഫലങ്ങൾ തയാറാക്കൽ, ജഡ്ജുമാരെയും നിരീക്ഷകരെയും സ്വാധീനിച്ച് അനർഹർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കൽ, മത്സരങ്ങളുടെ പേരിൽ അമിത പ്രവേശന/രജിസ്ട്രേഷൻ ഫീസ് ഈടാക്കി കണക്കുകളും രശീതുകളും കൃത്യമായി സൂക്ഷിക്കാതിരിക്കൽ തുടങ്ങിയ ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള കായിക ഉപകരണങ്ങളുടെയും മറ്റ് സാധനങ്ങളുടെയും വാങ്ങലിൽ ചട്ടങ്ങൾ പാലിക്കാതിരിക്കുന്നതായും വ്യക്തമായി.
പ്രവർത്തിക്കാത്ത പരിശീലന കേന്ദ്രങ്ങളുടെ പേരിൽ ഫണ്ട് കൈപ്പറ്റൽ, സർക്കാർ പദ്ധതികൾക്കായി അനുവദിച്ച ഫണ്ട് മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റി വിനിയോഗിക്കൽ തുടങ്ങിയ അഴിമതികളും ക്രമക്കേടുകളും നടക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ‘പ്രോജക്ട്സീറോ’ പദ്ധതിയുടെ ഭാഗമായി അഴിമതിയും ക്രമക്കേടുകളും തടയുന്നതിനുള്ള ‘പ്രോ-ആക്ടീവ് വിജിലൻസ്’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശോധന നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

