വൺ ടൂ ത്രീ...ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിലെ ഇന്ത്യൻ പ്രതീക്ഷകൾ
text_fieldsനീരജ് ചോപ്ര
ഹാങ്ചൗ (ചൈന): ലോകത്തെ ഏറ്റവും വലിയ വൻകരയിലെ കായിക താരങ്ങൾ പ്രതിഭയും കരുത്തും തെളിയിക്കാനിറങ്ങുന്ന ഏഷ്യൻ ഗെയിംസിന്റെ 19ാം പതിപ്പിന് ചൈനയിലെ ഹാങ്ചൗവിൽ തുടക്കമായി. ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 23നാണെങ്കിലും മത്സരങ്ങൾ ചൊവ്വാഴ്ച ആരംഭിച്ചു. ഇന്ത്യയെ സംബന്ധിച്ച് മികവിന്റെ ചരിത്രമാണ് ഏഷ്യാഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഒടുവിൽ നടന്ന 2018 ജകാർത്ത ഏഷ്യൻ ഗെയിംസിൽ 16 സ്വർണമുൾപ്പെടെ 70 മെഡലുകളുമായി ഏറ്റവും വലിയ നേട്ടം കൊയ്ത ഇന്ത്യ അന്ന് പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു. 38 ഇനങ്ങളിൽ 634 അംഗ സംഘത്തെ അണിനിരത്തുന്നുണ്ട് ഇക്കുറി. ഇന്ത്യയെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ പ്രാതിനിധ്യവുമാണിത്. മികച്ച നേട്ടം പ്രതീക്ഷിക്കുന്ന അത്ലറ്റിക്സിലെ പ്രതീക്ഷകൾ ഇങ്ങനെ:
നീരജിന്റെ പൊൻകുന്തം; ഷോട്ട്പുട്ടിൽ തജീന്ദർ
ഒളിമ്പിക്, ലോക ചാമ്പ്യൻ നീരജ് ചോപ്ര പുരുഷ ജാവലിൻ ത്രോയിൽ ഇറങ്ങുന്നത് ഇന്ത്യക്ക് സ്വർണം ഉറപ്പിച്ചുതന്നെയാണ്. 2018ൽ ജകാർത്തയിൽ പൊന്നണിഞ്ഞ നീരജ് പിന്നെ ടോക്യോ ഒളിമ്പിക്സിലും ഇൗയിടെ യൂജീനിലെ ലോക ചാമ്പ്യൻഷിപ്പിലും ചരിത്രംകുറിച്ചു.
തജീന്ദർസിങ് പാൽ ടൂർ
ലോക വെള്ളി ജേതാവ് പാകിസ്താന്റെ അർഷദ് നദീം ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. വെങ്കലമെങ്കിലും പ്രതീക്ഷിച്ച് ഇന്ത്യയുടെ കിഷോർ കുമാർ ജെനയും ഇറങ്ങും. വനിതകളിൽ ഒളിമ്പ്യൻ അന്നുറാണിയുണ്ട്. ജകാർത്തയിൽ പുരുഷ ഷോട്ട്പുട്ടിൽ സ്വർണം നേടിയ തജീന്ദർ സിങ് പാൽ ടൂർ ഈ പ്രകടനം ആവർത്തിക്കാനുറച്ചാണ് എത്തിയിരിക്കുന്നത്.
ട്രാക്കിൽ വാരണം
പുരുഷന്മാരുടെ 1500 മീ. ഓട്ടത്തിൽ മത്സരിക്കുന്ന അജയ്കുമാർ സരോജും 3000 മീ. സ്റ്റീപ്ൾ ചേസിലെ അവിനാശ് സാബ്ലെയുമാണ് പ്രതീക്ഷകളിൽ മുന്നിൽ. 5000 മീ. സ്റ്റീപ്ൾ ചേസിലുമുണ്ട് അവിനാശ്. ലോക ചാമ്പ്യൻഷിപ് 4x400 മീ. റിലേയിൽ ഏഷ്യൻ റെക്കോഡ് കുറിച്ച മലയാളി മേധാവിത്വമുള്ള സംഘവും അത്ഭുതങ്ങൾ പുറത്തെടുക്കാനൊരുങ്ങുകയാണ്.
മുഹമ്മദ് അനസും അമോജ് ജേക്കബും മുഹമ്മദ് അജ്മലും രാജേഷ് രമേഷുമാണ് യൂജിനിൽ ഫൈനലിലേക്ക് യോഗ്യത നേടി അഞ്ചാം സ്ഥാനത്തെത്തിയത്. ഡെക്കാത്തലണിൽ തേജസ്വിൻ ശങ്കറും ഒന്നാമനാവാൻ സാധ്യതയുള്ളയാളാണ്. 1500 മീറ്ററിൽ നിലവിലെ ജേതാവ് മലയാളി ജിൻസൺ ജോൺസണെ എഴുതിത്തള്ളാനായിട്ടില്ല.
ശൈലി സിങ്
800 മീറ്ററിൽ ക്രിഷൻ കുമാറിനൊപ്പം മലയാളി താരം മുഹമ്മദ് അഫ്സലുമിറങ്ങും. വനിത 1500, 800 മീ. മത്സരങ്ങളിൽ ഹർമിലൻ ബെയ്ൻസ്, സ്റ്റീപ്ൾ ചേസ് 3000 മീറ്ററിലും 5000 മീറ്ററിലും പരുൾ ചൗധരി, 100 മീ. ഹർഡ്ൽസിൽ ജ്യോതി യാരാജി, 400 മീ. ഹർഡിൽസിൽ വിത്യ രാംരാജ്, 800 മീറ്ററിൽ കെ.എം. ചന്ദ, 5000 മീറ്ററിൽ അങ്കിത ധ്യാനി, 400 മീറ്ററിൽ ഐശ്വര്യ മിശ്ര, ഹെപ്റ്റാത്തലണിൽ സ്വപ്ന ബർമൻ തുടങ്ങിയവരുമുണ്ട്.
ചാടി നേടാൻ
പുരുഷ ലോങ് ജംപിലെ ദേശീയ റെക്കോഡുകാരൻ ജെസ്വിൻ ആൽഡ്രിൻ, മലയാളിതാരം എം. ശ്രീശങ്കർ എന്നിവരിൽ വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട് ഇന്ത്യ. ട്രിപ്ൾ ജംപിൽ പ്രവീൺ ചിത്രവേലും മലയാളി താരം അബ്ദുല്ല അബൂബക്കറും മെഡൽപട്ടികയിലുണ്ടാവുമെന്നാണ് കരുതുന്നത്.
ഹൈജംപിൽ സർവേശ് അനിൽ കുശാരെയിലൂടെ ഇന്ത്യ പോഡിയത്തൽ കയറാമെന്ന കണക്കുകൂട്ടലിലാണ്. വനിത ലോങ്ജംപിൽ ശൈലി സിങ് വഴി മെഡൽ കണക്കുകൂട്ടുന്ന ഇന്ത്യക്ക് കരുത്താവാൻ മലയാളി ആൻസി സോജനും ഇറങ്ങും.