ഒളിമ്പിക്സ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ അറിഞ്ഞത് സഹോദരിയുടെ മരണവാർത്ത; പൊട്ടിക്കരഞ്ഞ് ധനലക്ഷ്മി
text_fieldsഗുണ്ടൂർ: ടോക്യോ ഒളിമ്പിക്സ് കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയ ഇന്ത്യൻ അത്ലറ്റിക്സ് ടീമംഗം ധനലക്ഷ്മി ശേഖർ അറിഞ്ഞത് സഹോദരിയുടെ മരണവാർത്ത. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽവെച്ച് സഹോദരി ഗായത്രിയുടെ മരണവാർത്ത അറിഞ്ഞയുടൻ സകല നിയന്ത്രണവും വിട്ട് പൊട്ടിക്കരഞ്ഞ ധനലക്ഷ്മിയെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ വീട്ടുകാരും വിഷമിച്ചു.
4x400 മീറ്റർ മിക്സഡ് റിലേ ടീമിൽ റിസർവ് അംഗമായിരുന്നു ധനലക്ഷ്മി (22). താരം ഒളിമ്പിക്സിൽ പങ്കെടുക്കാൻ ടോക്യോയിൽ ആയിരുന്ന സമയത്താണ് അസുഖം ബാധിച്ച് സഹോദരി മരിച്ചത്. ധനലക്ഷ്മിയുടെ പ്രകടനത്തെ ബാധിക്കുമെന്നതിനാൽ വീട്ടുകാർ ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു. ടീമംഗമായ സ്പ്രിന്റർ ശുഭ വെങ്കട്ടരാമനൊപ്പം വിമാനത്താവളത്തിൽ ഇറങ്ങിയ ധനലക്ഷ്മി അമ്മക്കും കുടുംബാംഗങ്ങൾക്കുമൊപ്പം സഹോദരിയെ കാണാഞ്ഞതിനെ തുടർന്ന് തിരക്കുകയായിരുന്നു. അപ്പോഴാണ് ജൂലൈ 12ന് ഗായത്രി മരിച്ച വിവരം അറിയുന്നത്. 14–ാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട ധനലക്ഷ്മിയെ അമ്മ ഉഷയും ഗായത്രിയടക്കമുള്ള സഹോദരിമാരുമാണ് പ്രോത്സാഹനം നൽകി കായികമേഖലയിൽ ഉയരങ്ങളിലെത്തിച്ചത്. മറ്റേ സഹോദരി എഴുമാസം മുമ്പാണ് അസുഖം ബാധിച്ച് മരിച്ചത്.
പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നടന്ന സെലക്ഷൻ ട്രയൽസിൽ 200 മീറ്ററിൽ 'പയ്യോളി എക്സ്പ്രസ്' പി.ടി. ഉഷയുടെ 23 വർഷം പഴക്കമുള്ള റെക്കോഡ് (23.30 സെക്കൻറ്) തകർത്ത് (23.26 സെക്കന്‍റ്) 'ഗുണ്ടൂർ എക്സ്പ്രസ്' ധനലക്ഷ്മി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 100 മീറ്ററിൽ മുൻനിര താരങ്ങളായ ദ്യുതി ചന്ദിനെയും ഹിമ ദാസിനെയും തോൽപ്പിച്ചതോടെ (11.39 സെക്കന്‍റ്) ഒളിമ്പിക്സ് ടീമിൽ ഇടംപിടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

