ഇനി കോമൺവെൽത്ത് ആവേശം
text_fieldsബർമിങ്ഹാം: 22ാമത് കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ തുടക്കമാവുമ്പോൾ സൂപ്പർതാരം നീരജ് ചോപ്രയുടെ അഭാവം അലട്ടുന്നുണ്ടെങ്കിലും മെഡലുകൾ വാരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. 111 പുരുഷന്മാരും 104 വനിതകളുമടക്കം 215 അംഗ സംഘമാണ് ഇന്ത്യക്കായി ഇറങ്ങുന്നത്. കഴിഞ്ഞ തവണ ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ 66 മെഡലുകളുമായി മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ.
26 സ്വർണവും 20 വീതം വെള്ളിയും വെങ്കലവുമായിരുന്നു ഇന്ത്യയുടെ നേട്ടം.എന്നാൽ, എട്ടു സ്വർണമടക്കം 16 മെഡലുകൾ നേടിത്തന്ന ഷൂട്ടിങ് ഇത്തവണത്തെ ഗെയിംസിനില്ലാത്തത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും. ചില ഇനങ്ങൾ ഒഴിവാക്കാൻ സംഘാടകർക്കുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയാണ് ബർമിങ്ഹാം ഗെയിംസിൽനിന്ന് ഷൂട്ടിങ് ഒഴിവാക്കിയത്.
ഇന്ത്യക്കാരുടെ മറ്റൊരു ഇഷ്ടയിനമായ അമ്പെയ്ത്തും ഇല്ല. ഭാരോദ്വഹനം, ബോക്സിങ്, ഗുസ്തി, ബാഡ്മിന്റൺ, സ്ക്വാഷ് തുടങ്ങിയവയാണ് ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്ന പ്രധാന ഇനങ്ങൾ. പുരുഷ, വനിത ഹോക്കി, വനിത ക്രിക്കറ്റ് തുടങ്ങിയവയിലും പ്രതീക്ഷയുണ്ട്.ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്നതിനിടെയേറ്റ പരിക്കാണ് നീരജിന് കോമൺവെൽത്ത് ഗെയിംസ് നഷ്ടമാക്കിയത്. ബോക്സിങ് ഇതിഹാസം എം.സി. മേരികോമും ഇത്തവണ ഗെയിംസിനില്ല. ട്രയൽസിനിടെയേറ്റ പരിക്കാണ് മേരിക്ക് തിരിച്ചടിയായത്.