നോർവേ ചെസ്: ആനന്ദിന് വീണ്ടും ജയം
text_fieldsസ്റ്റാവൻഗർ: നോർവേ ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ ഇതിഹാസതാരം വിശ്വനാഥൻ ആനന്ദിന് തുടർച്ചയായ മൂന്നാം ജയം. ക്ലാസിക്കൽ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് മുൻ ലോക ചാമ്പ്യൻ.
മൂന്നാം റൗണ്ടിൽ ചൈനയുടെ വാങ് ഹോയെ ആണ് 52കാരൻ പരാജയപ്പെടുത്തിയത്. ക്ലാസിക്കൽ മത്സരം 39 നീക്കത്തിൽ സമനിലയിൽ അവസാനിച്ചതിനെ തുടർന്ന് ആർമഗഡോണിൽ (സഡൻഡെത്ത്) 44 നീക്കത്തിൽ ആനന്ദ് ജയിച്ചുകയറുകയായിരുന്നു. മുൻ റൗണ്ടുകളിൽ ഫ്രാൻസിന്റെ മക്സിം വാഷിയർ ലാഗ്രെയ്വിനെയും ബൾഗേറിയയുടെ വാസലിൻ ടോപലോവിനെയും തോൽപിച്ചിരുന്ന ആനന്ദിന് ഇതോടെ 7.5 പോയന്റായി. യു.എസിന്റെ വെസ്ലി സോ (6), ലോക ഒന്നാം നമ്പർ നോർവേയുടെ മാഗ്നസ് കാൾസൺ (5.5) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.