ബി.എസ്.എൻ.എല്ലിൽ ഇനി ‘കളി വേണ്ട’
text_fieldsതൃശൂർ: പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എല്ലിൽ കായിക പരിപാടികൾക്ക് വിലക്ക്. സ്പോർട്സ് ക്വാട്ടയിൽ നിയമിക്കപ്പെട്ടവർക്ക് ദിവസം രണ്ട് മണിക്കൂർ കായിക പരിശീലനത്തിന് ജോലിയിൽ നൽകിയ ഇളവ് പിൻവലിച്ചു. വിവിധ കായിക ഇനങ്ങളിലേക്ക് ബി.എസ്.എൻ.എൽ ദേശീയ ടീമിൽ സെലക്ഷൻ കിട്ടിയവർക്ക് ദിവസവും നാല് മണിക്കൂർ വരെ പരിശീലനത്തിന് നൽകിയ ഇളവും റദ്ദാക്കി. ഇതുസംബന്ധിച്ച് കമ്പനിയുടെ ക്ഷേമ-കായിക വിഭാഗം ഉത്തരവിറക്കി. സ്ഥാപനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെയും ചെലവ് ചുരുക്കലിന്റെയും പേരിലാണ് ‘കളി വിലക്ക്’.
ബി.എസ്.എൻ.എല്ലിലെ കായിക താരങ്ങൾ, കോച്ച്, അംപയർ, മാനേജർ, ടെക്നിക്കൽ ഒഫിഷ്യൽ, ടൂർണമെന്റ് കോഓഡിനേറ്റർ എന്നിവരുടെ സേവനം മറ്റേതെങ്കിലും സ്പോർട്സ് അസോസിയേഷൻ ആവശ്യപ്പെട്ടാൽ ബന്ധപ്പെട്ട ഓഫിസർക്ക് അനുമതി നൽകാം. പക്ഷേ അവർ സ്വന്തം ചെലവിൽ വേണം പോകാനും പങ്കെടുക്കാനും. ടി.എ, ഡി.എ, ഡ്രസ് കോഡ്, കിറ്റ് മണി തുടങ്ങി ഒരു ചെലവും ബി.എസ്.എൻ.എൽ വഹിക്കില്ല. ഇവർക്ക് സ്പെഷൽ കാഷ്വൽ ലീവ്/ ഓൺ ഡ്യൂട്ടി അവധി അനുവദിക്കും.
അതിന് പാർട്ടിസിപേഷൻ റിപ്പോർട്ടും കളി കഴിഞ്ഞ് തിരിച്ച് കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നതിന്റെ റിപ്പോർട്ടും ഹാജരാക്കണം. നിശ്ചിത ദിവസത്തിനകം പാർട്ടിസിപേഷൻ റിപ്പോർട്ട് ഹാജരാക്കിയില്ലെങ്കിൽ സ്പെഷൽ കാഷ്വൽ ലീവ് റദ്ദാക്കും. കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ ബി.എസ്.എൻ.എൽ നിരോധനം ഏർപ്പെടുത്തിയതിൽ ജീവനക്കാരുടെയും ഓഫിസർമാരുടെയും സംഘടനകൾക്കിടക്ക് കടുത്ത അമർഷവും പ്രതിഷേധവും ഉയർന്നിട്ടുണ്ട്. എൻ.എഫ്.ടി.ഇ ഇതിനെതിരെ ബി.എസ്.എൻ.എൽ സി.എം.ഡി എ. റോബർട്ട് രവിക്ക് കത്ത് നൽകി.
ഒരു പൊതുമേഖല സ്ഥാപനത്തിൽ ഇത്തരം നടപടി ഏകപക്ഷീയവും ക്ഷേമപ്രവർത്തനങ്ങൾക്ക് വിരുദ്ധവുമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. എക്സിക്യൂട്ടിവ് പദവികളിലുള്ളവർക്ക് ലാപ്ടോപ് വാങ്ങാൻ മുൻകൂർ പണം അനുവദിക്കുന്നതും മൊബൈൽ ഫോൺ വാങ്ങിയതിന്റെ വില റീഇംബേഴ്സ് ചെയ്യുന്നതും പോലുള്ള സൗജന്യങ്ങൾ തുടരുകയാണ്. അവർ മാത്രമാണ് കമ്പനിക്ക് വേണ്ടി സേവനം ചെയ്യുന്നതെന്നും മറ്റുള്ളവർ വെറുതെയാണെന്നുമുള്ള അപകടകരമായ മനോഭാവമാണിത്. ഉത്സവകാലങ്ങളിൽ വേതനത്തിന്റെ ഒരു ഭാഗം നേരത്തേ നൽകണമെന്ന ജീവനക്കാരുടെ ആവശ്യം നിഷേധിക്കുകയും എക്സിക്യൂട്ടിവുകൾക്ക് അത് അനുവദിക്കുകയും ചെയ്യുന്നു. ഈ വിവേചനം അവസാനിപ്പിക്കണമെന്ന് എൻ.എഫ്.ടി.ഇ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

